പരീക്ഷാകാലത്ത് കുട്ടികളുടെ പഠനകാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. അവരുടെ ആരോഗ്യകാര്യത്തിലും മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളും മാതാപിതാക്കളും ടെന്‍ഷനടിക്കുന്ന സമയമാണ് പരീക്ഷാക്കാലം. പല കുട്ടികളും ഭക്ഷണം ഉപേക്ഷിക്കുകയും നല്ലതുപോലെ കഴിക്കാതിരിക്കുകയും ചെയ്യും. ഇത് അവരുടെ ആരോഗ്യത്തേയും പഠനത്തേയും ഒരുപോലെ ദോഷകരമായാണ് ബാധിക്കുക.
പരീക്ഷാപേടി മാറ്റി കുട്ടികളെ ഉന്മേഷമുള്ളവരാക്കി മാറ്റാന്‍, കുട്ടികളുടെ ക്ഷീണവും ഉറക്കംതൂക്കലും ഇല്ലാതാക്കാന്‍ അവരുടെ ഭക്ഷണക്രമീകരണം കൂടി മാറ്റാം.
പരീക്ഷാക്കാലത്ത് മാത്രമല്ല എല്ലായ്‌പ്പോഴും നല്ല ആഹാരം നല്‍കേണ്ടത് കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. കൃത്യമായ സമയക്രമം പഠനത്തിലെന്ന പോലെ ഭക്ഷണകാര്യത്തിലും പാലിക്കാം. കൃത്യസമയത്ത് കഴിക്കാതെ വരുമ്പോള്‍ വിശന്നിരിക്കുന്നതു മൂലം പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും മറ്റു അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാം. സമയക്രമം പാലിക്കാതെ കഴിക്കുമ്പോള്‍ അമിതമായ അളവില്‍ ഭക്ഷണം കഴിക്കാനുള്ള പ്രേരണയുണ്ടാകാം. ഇത് അലസതയ്ക്കും ഉറക്കത്തിനും കാരണമാകും.
ആഹാരത്തെപോലെ തന്നെ പ്രാധാന്യമുള്ളതാണ് വെള്ളവും. ഉറക്കമുണരുമ്പോള്‍ തന്നെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് നമ്മുടെ ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാനും ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഇ്ല്ലാതാക്കാനും സഹായിക്കുന്നു.ധാരാളം വെള്ളം കുടിക്കണം. പഴച്ചാറുകളും ന്ല്ലതാണ്.
കുട്ടികളിലെ പരീക്ഷാപേടി മാറ്റാന്‍
കൃത്യസമയമെന്നതുപോലെ ആഹാരത്തില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണം എന്നതിലും കാര്യമുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട, നട്ട്‌സ്,തൈര്,ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. മനസിനെ ഏകാഗ്രമാക്കാന്‍ ഇത് സഹായിക്കും.
രാവിലത്തെ ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. നമ്മുടെ തലച്ചോറിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ലഭിക്കുന്നത് രാവിലത്തെ ഭക്ഷണത്തില്‍ നിന്നുമാണ്.ദീര്‍ഘ നേരത്തെ ഇടവേളയ്ക്ക് ശേഷമുള്ളതാണ് പ്രാതല്‍ എന്നതുകൊണ്ട് ഇത് ആരോഗ്യപ്രദമായിരിക്കേണ്ടതും അത്യാവശ്യമാണ്.
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. പച്ച്ക്കറികള്‍ അമിതമായി വേവിച്ചുപയോഗിക്കുന്നതിനേക്കാള്‍ നല്ലത് വേവിക്കാതെ സാലഡുകളാക്കി കഴിക്കുന്നതാണ്. ഇലക്കറികള്‍, കാരറ്റ്, വെള്ളരിക്ക തുടങ്ങിയവയെല്ലാം നിര്‍ബന്ധമായും ഉള്‍പ്പെടുത്താം. പഴവര്‍ഗ്ഗങ്ങള്‍ മിക്കവയും ഊര്‍ജ്ജദായകങ്ങളാണ്. പരീക്ഷാക്കാലത്തെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ പഴങ്ങളിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മിനറലുകളും സഹായിക്കും. ധാരാളം നാരുകളും പ്രകൃത്യാലുള്ള മധുരവും അടങ്ങിയിരിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ എന്തുകൊണ്ടും ഗുണകരമാണ്.
കുട്ടികള്‍ക്കെല്ലാം വളരെയധികം ഇഷ്ടമുള്ള ചില ഭക്ഷണങ്ങള്‍ പരീക്ഷാക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. മൈദ കൊണ്ടുണ്ടാക്കുന്ന ബിസ്‌കറ്റുകളും,കേക്കുകളും.ഇവ ദഹിക്കാനും ഏറെ സമയമെടുക്കും. മധൂരം ധാരാളം ഉള്ള ചോക്കലേറ്റുകള്‍,ഡെസേര്‍ട്ടുകള്‍ ഇവയും ഒഴിവാക്കാം.കോള പോലുള്ള സോഫ്റ്റ് ഡ്രിങ്കുകളും ഒഴിവാക്കേണ്ടതാണ്.കാപ്പിയും ചായയും അമിതമായി ഉപയോഗിക്കാതിരിക്കുക. അതിനുപകരം ഗ്രീന്‍ ടീ ആവാം. പാല്‍ കുടിക്കുകയും ആവാം.
ആരോഗ്യകരമായ ഭക്ഷണം പോലെ തന്നെ പ്രാധാന്യമുള്ളതാണ് ശരിയായ ഉറക്കവും.പരീക്ഷാക്കാലത്ത് ഉറക്കമിളച്ചിരുന്ന പഠിക്കുന്നത് ഓര്‍മ്മശക്തി,ഏകാഗ്രത ഇവ കുറയുന്നതിനും മാനസികപിരിമുറുക്കം കൂടുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ നിര്‍ബന്ധമായും കൃത്യസമയത്ത് ഉറങ്ങുന്ന ശീലം ഉ്ണ്ടാക്കുക.
ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ് ഡ്രിങ്കുകളും ശരീരത്തിനു ക്ഷീണവും മയക്കവുമാണുണ്ടാക്കുക. ഇത് കഴിവതും ഒഴിവാക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.