അഴകുള്ള മുടി ആഗ്രഹിക്കാത്ത പെണ്‍കൊടികള്‍ ഉണ്ടാവില്ല. എന്നാല്‍ മുടി സാധാരണയായി വര്‍ഷത്തില്‍ പതിനഞ്ച് സെന്റീമീറ്ററോളമേ വളരൂ.ഇതില്‍ തന്നെ മുടിയുടെ ആരോഗ്യം, പാരമ്പര്യം, ഘടന എന്നിവയനുസരിച്ച് വ്യത്യാസങ്ങള്‍ വരാം.
ഏതു തരം മുടിക്കും പ്രധാനമായും വേണ്ടത് ആരോഗ്യം, പോഷകങ്ങള്‍, ആവശ്യമായ പരിചരണം എന്നിവയാണ്. ഇവ ചേര്‍ന്നാല്‍ അഴകും ആരോഗ്യവുമുള്ള നല്ല മുടി സ്വന്തമാക്കാം. ഇതിനായി ബ്യൂട്ടി പാര്‍ലറുകള്‍ കയറി ഇറങ്ങി നമ്മുടെ സമയവും പണവും കളയേണ്ട കാര്യമില്ല. പ്രകൃതിയില്‍ നിന്നുള്ള നമുക്ക് എളുപ്പം ലഭിക്കുന്ന സാധനങ്ങള്‍ തന്നെ മതിയാവും. ബ്യൂട്ടി പാര്‍ലറുകളില്‍ ചെലവാക്കുന്നതിനേക്കാള്‍ കുറച്ച് സമയവും മതിയാവും. എന്നാല്‍ ചെയ്യാനുള്ള ക്ഷമയാണ് പ്രധാനം.
മുടിയുടെ സമൃദ്ധിയിലും വണ്ണത്തിലും നീളത്തിലുമല്ല കാര്യം അതിനെ വൃത്തിയായും മനോഹരമായും സൂക്ഷിക്കുന്നതിലാണ്.മുടിയുടെ ആരോഗ്യവും അതിന്റെ കരുത്തും നിലനിര്‍ത്താന്‍ എന്തെല്ലാം ചെയ്യാമെന്നു നോക്കാം.
ഇളംചൂടുള്ള എണ്ണ കൊണ്ട് ആഴ്ചയിലൊരിക്കലെങ്കിലും മുടി മസാജ് ചെയ്യുന്നത് നല്ലതാണ്. നന്നായി സമയമെടുത്ത് വേണം മസാജ് ചെയ്യാന്‍. തലയുടെ ഉള്‍ഭാഗത്തെല്ലാം എണ്ണ എത്തണം.ഇങ്ങനെ ചെയ്താല്‍ തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിക്കുകയും, മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുകയും ചെയ്യും. മാത്രമല്ല മുടിയുടെ വേര് ബലവത്താകുകയും എളുപ്പം പൊട്ടുന്നത് ഇല്ലാതാകും. കൂടാതെ താരന്‍ ഇല്ലാതാകാനും ഇത് സഹായിക്കും.വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന എണ്ണ ഉപയോഗിച്ച്്ാല്‍ മതി. അതിനായി ഒരുപാടു പണം ചിലവാക്കേണ്ട കാര്യമില്ല.
മുടി കണ്ടീഷനിംഗ് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
മുടി കണ്ടീഷന്‍ ചെയ്യാനായി ഒരു പാടു വില കൊടുത്ത് കണ്ടീഷണറുകള്‍ വാങ്ങണമെന്നില്ല. നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന തേങ്ങാപ്പാല്‍ ഒരു നല്ല കണ്ടീഷണറാണ്. ഒലീവ് ഓയിലും മുടിയുടെ തിളക്കം കൂട്ടാന്‍ ഉപയോഗിക്കാം. ആഴ്ചയിലൊരിക്കല്‍ തലയില്‍ തേച്ചുപിടിപ്പിക്കുക.
തലമുടി കഴുകാന്‍ അമിതമായ ചൂടുവെള്ളം ഉപയോഗിക്കരുത്. ഇത് മുടി കേടാകാന്‍ ഇടയാക്കും. എല്ലായ്‌പ്പോഴും മുടിക്ക് യോജിച്ച ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ദിവസവും ഷാംപു ഉപയോഗിക്കുന്നതും നല്ലതല്ല. മുടി കഴുകാന്‍ കഴിയുമെങ്കില്‍ പ്രകൃതിദത്തമായ ചെമ്പരത്തി താളി ഉണ്ടാക്കി ഉപയോഗിക്കുക. അല്ലാത്തവര്‍ സോപ്പിന്റെ അംശം കുറവുള്ള നല്ല ഷാംപൂ മാത്രം ഉപയോഗിക്കുക.
തണുപ്പുകാലത്ത് മുടിയില്‍ താരന്‍ അധികമായി വളരും. എത്ര തന്നെ ഡാന്‍ഡ്രഫ് ഓയിലുകള്‍ ഉപയോഗിച്ചാലും പരിഹാരം കാണുക പ്രയാസമാണ്. താരന്‍ ഇല്ലാതാക്കാന്‍ ഇളം ചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ തലമുടി മസാജു ചെയ്യുന്നത് നല്ലതാണ്.
മുടി വര്‍ഷത്തിലൊരിക്കലെങ്കിലും അടിഭാഗം മുറിച്ച് കളയണം. മുടിയുടെ കരുത്തിനും നന്നായി വളരാനും ഇത് സഹായിക്കും.