മുത്തശ്ശിമാരുടെ മുടിസംരക്ഷണത്തിനുള്ള സൗന്ദര്യക്കൂട്ടുകള്‍ ഇന്നും കാലഹരണപ്പെട്ടിട്ടില്ല. മനോഹരമായ മുടിക്കും ശരീരസൗന്ദര്യത്തിനുമായി അവര്‍ക്ക് അവരുടേതായ സൗന്ദര്യക്കൂട്ടുകള്‍ ഉണ്ടായിരുന്നു. അവയെല്ലാം വളരെ പ്രയോജനകരവുമായിരുന്നു. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ എല്ലാവരും സമയത്തിന്റെ കാര്യം പറഞ്ഞ് കെമിക്കലുകളേയും മറ്റും ആശ്രയിക്കാന്‍ തുടങ്ങി. അതോടെ പല തരത്തിലുള്ള സൗന്ദര്യപ്രശ്‌നങ്ങളും തലപൊക്കി എന്നു മാത്രമല്ല അവയെല്ലാം പരിഹരിക്കാന്‍ സമയത്തൊടൊപ്പം പണവും ചിലവായി.
ഇത്തരം കാരണങ്ങളാലാവാം ഇന്ന് കുറേപേരെങ്കിലും മുത്തശ്ശിക്കൂട്ടുകളിലേക്ക് തിരികെ പോകുന്നുണ്ട്. അധികം പണച്ചിലവില്ലാതെ തന്നെ ഇവ ഉണ്ടാക്കിയെടുക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മണിക്കൂറുകളും ഒരു പാടു പണവും ബ്യൂട്ടിപാര്‍ലറുകളിലും മറ്റും ചിലവഴിക്കുന്നതിനു പകരം വീട്ടിലുണ്ടാവുമ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും നമുക്ക് ഇവ പരീക്ഷിക്കാവുന്നതാണ്.
മുടി സംരക്ഷണത്തിനുള്ള പല നാടന്‍ കൂട്ടുകളും ഉണ്ട് മുത്തശ്ശി വൈദ്യത്തില്‍. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ഇവ നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കിയെടുക്കാം. അവ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.
ചെമ്പരത്തിയുടെ ഇലയും പൂവുമെല്ലാം താളിക്കായി ഉപയോഗിക്കാം. ചുവന്ന അഞ്ചിതള്‍ ചെമ്പരത്തിയാണ് താളിക്കായി ഉപയോഗിക്കാന്‍ നല്ലത്. കല്ലില്‍ അരയ്ക്കുന്നതാണ് നല്ലത്. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് കല്ല് കാണാന്‍ കിട്ടുന്ന കാര്യം പ്രയാസമായതിനാല്‍ മിക്‌സിയില്‍ അടിച്ചെടുത്താലും മതി. പത്തോ പതിനഞ്ചോ ഇലയെടുത്ത് അടിച്ചു പിഴിഞ്ഞെടുക്കാം. നല്ല കുഴമ്പുപരുവത്തില്‍ അരച്ചെടുത്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. മുടിയിലെ എണ്ണമയം അകറ്റാനും മുടി വൃത്തിയാക്കാനും താരന്‍ അകറ്റാനുമെല്ലാം ഉത്തമമാണ്.
കറ്റാര്‍വാഴയുടെ തണ്ട് എടുത്ത് പുറമെയുള്ള തൊലി കളഞ്ഞാണ് ഉപയോഗിക്കേണ്ടത്. തൊലി കളഞ്ഞ ശേഷം നന്നായി അരച്ചെടുക്കുക. കുഴമ്പുപരുവത്തില്‍ അരച്ചെടുത്ത മിശ്രിതം തലയില്‍ നന്നായി തേച്ചുപിടിപ്പിക്കാം. നല്ല തണുപ്പ് തലയ്ക്ക് നല്‍കുമെന്നതിനാല്‍ തലവേദനയകറ്റാന്‍ ഉത്തമമാണ്. താരന്‍ ഇല്ലാതാക്കാനും ഉത്തമമാണിത്.
നാട്ടിന്‍പുറങ്ങളില്‍ വേലിപടര്‍പ്പുകളില്‍ ധാരാളമായി കാണുന്നതാണ് തിരുതാളി. താളിച്ചെടിയുടെ വള്ളിയും ഇലയും ഒരുമിച്ച് അരച്ചെടുക്കുക. തലയില്‍ തേച്ച് പിടിപ്പിച്ച് അല്പസമയത്തിനുശേഷം കഴുകികളയാം.
വരണ്ടതലമുടിയുള്ളവര്‍ക്ക് ഏറെ ഉത്തമമാണിത്. കുറുന്തോട്ടി നാട്ടിന്‍പുറങ്ങളില്‍ തൊടികളിലും മറ്റും ധാരാളമായി കാണാം. കുറുന്തോട്ടിയുടെ എല്ലാ ഭാഗവും താളിക്കായി ഉപയോഗിക്കാം. മുടികൊഴിച്ചില്‍ ഇല്ലാതാക്കാനും നല്ലതാണ്.
തുളസി പേന്‍ ശല്യം ഇല്ലാതാക്കാന്‍ വളരെ നല്ലതാണ്. തുളസിയില അരച്ച് മുടിയില്‍ തേച്ച് പിടിപ്പിക്കാം. പണ്ട് സ്ത്രീകള്‍ തുളസിക്കതിര്‍ നുള്ളി മുടിയില്‍ ചൂടുമായിരുന്നു. മുടിക്ക് നല്ല മണവും ആരോഗ്യവും തുളസിത്താളി ഉപയോഗിച്ചാല്‍ കിട്ടും.
ചെറുപയര്‍ പൊടി വെള്ളത്തില്‍ ചാലിച്ച് തലയില്‍ തേച്ചുപിടിപ്പിക്കാം. തലയിലെ അഴുക്കു കളയാന്‍ ഷാംപൂവിന് പകരം ഉപയോഗിക്കാവുന്നതാണ്. പൊടി മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ ലഭിക്കുമെങ്കിലും വീട്ടില്‍ ഉണ്ടാക്കുന്നതിനു പകരമാകില്ല എന്നോര്‍ക്കുന്നത് നല്ലതാണ്.