ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതം പൃഥ്വിരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ചിത്രീകരിച്ചു. കേരളത്തിലായിരുന്നു ചിത്രീകരണം. അമല പോള്‍, പൃഥ്വിരാജ് തുടങ്ങിയ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെല്ലാം ആദ്യഭാഗത്തുണ്ടായിരുന്നു. എന്നാല്‍ അതിനുശേഷം സിനിമയെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് സിനിമ ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം നിഷേധിച്ചുകൊണ്ട് തങ്ങള്‍ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലേക്ക പോവുകയാണെന്ന് അറിയിച്ചിരിക്കുകയാണ്.
ബെന്യാമന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സൗദി അറേബ്യയിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോവുന്ന നജീബ് മുഹമ്മദ് ആണ് നായകന്‍. പൃഥ്വിരാജ് ചിത്രത്തിനുവേണ്ടി ഭാരം കുറയ്‌ക്കേണ്ടതുണ്ട്. ആയതിനാല്‍ ഷൂട്ടിംഗ് അതിനനുസരിച്ച് വ്യത്യസ്ത കാലങ്ങളിലായായിരിക്കും നടക്കുക.
ആടുജീവിതത്തിന്റെ ഭാഗമായി ബോളിവുഡ് സിനിമാറ്റോഗ്രാഫര്‍ കെയു മോഹനന്‍, ഓസ്‌കാര്‍ ജേതാവ് ഏ ആര്‍ റഹ്മാന്‍ എന്നിവരുണ്ട്. ഏ ആര്‍ റഹ്മാന്‍ 25വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ് ഈ ചിത്രത്തിലൂടെ. 2020ലായിരിക്കും സിനിമ തിയേറ്ററുകളിലേക്കെത്തുക.