നിവിന്‍ പോളി- ഗരുഡന്‍ ഫെയിം അരുണ്‍ വര്‍മ്മ കൂട്ടുകെട്ടിന്റെ പുതിയ സിനിമ ബേബി ഗേള്‍ ചിത്രീകരണം പൂര്‍ത്തിയായി. ലിജോമോള്‍ ജോസ്, അതിഥി രവി, പ്രേമലു ഫെയിം സംഗീത് പ്രതാപ്, മാര്‍കോ താരം അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. ബോബി സഞ്‌ജയ് ടീമിന്റേതാണ് തിരക്കഥ. ട്രാഫിക്, അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ്,കാണെക്കാണെ തുടങ്ങിയവ ഈ കൂട്ടുകെട്ടിന്റേതായിരുന്നു.
ബേബി ഗേളിന് ക്യാമറ ഒരുക്കിയിരിക്കുന്നത് ഫായിസ് സിദ്ദീഖ്, എഡിറ്റിംഗ് ഷിജിത് കുമാരന്‍, സംഗീതം ജേക്ക്‌സ് ബിജോയ് എന്നിവരാണ്. ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ മാജിക് ഫ്രയിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ലിസ്റ്റിനൊപ്പം അഞ്ചാംതവണയാണ് നിവിനെത്തുന്നത്.ട്രാഫിക്, തുറമുഖം, രാമചന്ദ്രബോസ് ആന്റ് കോ, മലയാളി ഫ്രം ഇന്ത്യ എന്നിവയായിരുന്നു മുന്‍സിനിമകള്‍.
നിവിന്റെ നിരവധി പ്രൊജക്ടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പാച്ചുവും അത്ഭുതവിളക്കും സംവിധായകന്‍ അഖില്‍ സത്യന്റെ രണ്ടാമത്തെ സിനിമ, തമര്‍ കെവിയുടെ ഡോള്‍ബി ദിനേശന്‍, നവാഗതനായ സന്ദീപ് കുമാര്‍, ജോര്‍ജ്ജ് ഫിലിപ് റോയ് എന്നിവരുടെ ഡിയര്‍ സ്‌റ്റുഡന്റ്‌സ്, ആദിത്യന്‍ ചന്ദ്രശേഖരന്റെ മള്‍ട്ടിവേഴ്‌സ് മന്മദന്‍, അനുരാജ് മനോഹരന്റെ ശേഖരവര്‍മ്മ രാജാവ്, എബ്രിഡ് ഷൈനിനൊപ്പം ആക്ഷന്‍ ഹീറോ ബിജു സീക്വല്‍. കൂടാതെ പേരിട്ടിട്ടില്ലാത്ത നവാഗത സംവിധായകന്‍ ആര്യന്‍ രമണി ഗിരിജവല്ലഭന്‍ ചിത്രം, തമിഴില്‍ യേഴു കടല്‍ യേഴു മലൈ - രാം ചിത്രം റിലീസ് ചെയ്യാനിരിക്കുന്നു. പ്രേമം താരത്തിന്റെ വെബ്‌സീരീസ് ജിയോ ഹോട്ട്‌സ്‌റ്റാറില്‍ ഈ വര്‍ഷം അവസാനമെത്തും. ഫാര്‍മ എന്ന സീരീസ് പിആര്‍ അരുണ്‍ സംവിധാനം ചെയ്‌തിരിക്കുന്നു