കുഞ്ചാക്കോ ബോബന് കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ പുതുവര്‍ഷത്തിലും നിറയെ ചിത്രങ്ങളുമായി തയ്യാറെടുക്കുകയാണ്. അടുത്തതായി താരം ഷഹീര്‍ ഖാദര്‍ എന്ന സംവിധായകനൊപ്പമാണ് ചേരുന്നത്. അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ മുന്‍ അസോസിയേറ്റ് ആയിരുന്നു സംവിധായകന്. കുടുംബ ചിത്രവുമായാണ് ഇരുവരുമെത്തുന്നത്. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും. ഹിറ്റ് മലയാളം സിനിമ ട്രാഫിക്കിന്റെ തമിഴ് റീമേക്ക് ചെന്നൈയില്‍ ഒരു നാള് എന്ന ചിത്രമാണ് മുന്‍പ് സംവിധായകന് ഒരുക്കിയിട്ടുള്ളത്.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായിരിക്കുമിതെന്നാണ് അണിയറയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. നിത്യ മേനോന് കുഞ്ചാക്കോ ബോബന്റെ ഭാര്യവേഷത്തിലെത്തും. ഈ ചിത്രത്തില്‍ സ്പോര്‍ട്ട്സ് താത്പര്യങ്ങളുള്ള കഥാപാത്രമാണ് നിത്യയുടേത്. കൊല്‍ക്കത്തയിലാണ് കഥ പറയുന്നത്. വി കെ പ്രകാശ് ചിത്രം പോപ്പിന്സിനു ശേഷം നിത്യ മേനോന് കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്. ഇ 4 എന്റര്ടെയ്ന്മെന്റ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.
കുഞ്ചാക്കോ ബോബന് അള്ളു രാമേന്ദ്രന് എന്ന ചിത്രത്തിന്റെ റിലീസിംഗ് കാത്തിരിക്കുകയാണ്. കൂടാതെ സൗബിന് ഷഹീര്‍ ചിത്രത്തിലും ഗപ്പി ഫെയിം ജോണ്‍ പോള്‍ ജോര്‍ജ്ജിന്റെ സിനിമയിലും താരം കരാറൊപ്പിട്ടിട്ടുണ്ട്. നിത്യ മേനോന് മലയാളത്തില്‍ ടികെ രാജീവ് കുമാറിന്റെ കൊളാമ്പി ചിത്രീകരണം പൂര്‍ത്തിയാക്കി. അവരുടെ അടുത്ത റിലീസിംഗ് പ്രാണ എന്ന മള്‍ട്ടി ലിംഗ്വല്‍ സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. സിനിമയില്‍ നിത്യ മാത്രമാണ് കഥാപാത്രമാവുന്നത്.