എല്ലാ മനുഷ്യരേയും പോലെ തന്നെ കുഞ്ഞുങ്ങള്‍ക്കും ദാഹമുണ്ടാകും. മുതിര്‍ന്നവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഡീഹൈഡ്രേഷന്‍ എന്നത്. പുതിയതായി മാതാപിതാക്കളായവര്‍ക്കും തങ്ങളുടെ കുട്ടികളെ കുറിച്ചും ഇതേ ആധി ഉണ്ടാകാം. എന്നാല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ,യുകെ നാഷണല്‍ ഹെല്‍ത്ത് സെര്‍വീസ്, അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് തുടങ്ങിയ കുട്ടികളുടെ ക്ഷേമത്തിനായുള്ള സംഘടനകള്‍ക്കെല്ലാം നവജാതശിശുവിന് വെള്ളത്തിന്റെ ആവശ്യകത എന്ന കാര്യത്തില്‍ ഒരേ അഭിപ്രായമാണുള്ളത്. അത് മറ്റൊന്നുമല്ല, ശിശുക്കള്‍ക്കെല്ലാം വെള്ളം കുടിക്കാന്‍ നല്‍കേണ്ടതില്ല എന്നുതന്നെയാണ്. എപ്പോള്‍ മുതലാണ് കുട്ടികള്‍ക്ക് വെള്ളം നല്‍കേണ്ടത്? വെളളം നല്‍കേണ്ട എന്നു പറയുന്നതെന്തുകൊണ്ടാണ്?
എന്തുകൊണ്ടാണ് നവജാതശിശുക്കള്‍ക്ക് വെള്ളം ആവശ്യമില്ലാത്തത്?
മുലപ്പാല്‍ വെള്ളത്തിനാല്‍ സമ്പുഷ്ടമാണെന്നതാണ് പ്രധാനകാരണം. മുലപ്പാലില്‍ 80 ശതമാനത്തോളം വെള്ളമാണുള്ളത്. ഓരോ പ്രാവശ്യം മുലപ്പാല്‍ കുടിക്കുമ്പോളും തുടക്കത്തില്‍ കുഞ്ഞിന് ലഭിക്കുക വെള്ളമാണ്.് മുലപ്പാല്‍ നവജാതശിശുക്കള്‍ക്ക് ആവശ്യത്തിനുള്ള വെള്ളവും ന്യൂട്രീഷ്യനും നല്‍കുന്നുണ്ട്. കൂടാതെ മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡീസ് കുഞ്ഞുങ്ങള്‍ക്ക് ഇന്‍ഫക്ഷനുകളില്‍ നിന്ന് സംരക്ഷണമേകുകയും കുട്ടികളിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നവജാതശിശുക്കള്‍ക്ക് വളര്‍ച്ചയ്ക്ക് ആവശ്യമായ ന്യൂട്രിയന്‍സ് ആവശ്യമായ അളവില്‍ മുലപ്പാലില്‍ നിന്നും ലഭിക്കുമെന്ന് യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വിശദീകരിക്കുന്നു. ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രം മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ മതി.
എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് വെള്ളം മാത്രമാവരുത് നല്‍കുന്നത്. കാരണം മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, വിറ്റാമിനുകള്‍, എന്‍സൈമുകള്‍, ആന്റിബോഡീസ് ഇവയൊന്നും വെള്ളത്തില്‍ നിന്നും ലഭിക്കില്ല. മുലപ്പാല്‍ പ്രധാനം ചെയ്യുന്ന ന്യൂട്രീഷന്‍ ഫോര്‍മുലയുള്ള പാനീയങ്ങളാണ് കുഞ്ഞിന് നല്‍കേണ്ടത്.
വെള്ളം നല്‍കാന്‍ ആറുമാസം വരെ കാത്തിരിക്കാം
നവജാതശിശുക്കള്‍ കട്ടിയാഹാരം കഴിച്ചുതുടങ്ങും വരെ അവര്‍ക്ക് വെള്ളം നല്‍കേണ്ട കാര്യമില്ല. ആരോഗ്യസംഘടനകള്‍ ആറുമാസത്തിനു ശേഷമാണ് കുട്ടികള്‍ക്ക് കട്ടിയാഹാരം നല്‍കി തുടങ്ങേണ്ടതെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.ഈ പ്രായത്തില്‍ വെള്ളവും നല്‍കി തുടങ്ങാം.
ചൂടു കൂടുതലുള്ള സാഹചര്യങ്ങളില്‍?
ചൂടു കൂടുതലായുള്ള ദിവസങ്ങളിലും ആറുമാസം വരെയുള്ള കുട്ടികള്‍ക്ക് വെള്ളം നല്‍കേണ്ടതില്ല എന്നാണ് ലോകാരോഗ്യസംഘടന. ഇന്‍ഫക്ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുന്‍ഗണനയിലെടുത്തുകൊണ്ടാണ് ഈ തീരുമാനം.എന്നിരുന്നാലും 2-4 ഔണ്‍സില്‍ കൂടാത്ത തരത്തില്‍ അധികം ചൂടുള്ള ദിവസങ്ങളില്‍ വെള്ളം നല്‍കാവുന്നതാണ് എന്നാണ് പീഡിയാട്രിക് കമ്മ്യൂണിറ്റിയുടെ അഭിപ്രായം.
നവജാതശിശുക്കള്‍ക്ക് വെള്ളം നല്‍കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍
ഡയേറിയ : ഇന്‍ഫക്ഷന്‍ ആണ് വെള്ളം നല്‍കുന്നതിന്റെ ഏറ്റവും വലിയ റിസ്‌ക്. വെള്ളമോ അത് നല്‍കുന്ന പാത്രമോ അശുദ്ധമാണെങ്കില്‍ കുഞ്ഞിന് വയറിളക്കം പിടിപെടാനുള്ള സാധ്യതയുണ്ട്.
മാല്‍ന്യൂട്രീഷന്‍ : വെള്ളം എത്ര തന്നെ ശുദ്ധമാണെങ്കിലും കുഞ്ഞുങ്ങളില്‍ പോഷകക്കുറവിന് ഇത് കാരണമായേക്കാം.കാരണം വെള്ളം കുഞ്ഞിന് വയര്‍ നിറയ്ക്കുന്നതിനാല്‍ മുലപ്പാല്‍ കുടിക്കാതിരിക്കാനും ഇത് കാരണമാകും. ചില കുട്ടികള്‍ മുലപ്പാല്‍ കുടിക്കുന്നത് താനെ നിര്‍ത്തുകയും ചെയ്യും.
വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍ : കുട്ടികള്‍ക്ക് വെള്ളം നല്‍കുമ്പോഴുണ്ടേയേക്കാവുന്ന മറ്റൊരു പ്രശ്‌നമാണ് വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍. ഇത് കുട്ടികളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ജോണ്‍ ഹോപ്കിന്‍സ് ചില്‍ഡ്രന്‍സ് സെന്ററിലെ ഡോക്ടര്‍മാരുടെ അഭിപ്രായമനുസരിച്ച് കുട്ടികള്‍ ദാഹം ഉളളതുകൊണ്ട് വെള്ളം കുടിച്ചേക്കാം. എന്നാല്‍ നവജാതശിശുക്കളുടെ കിഡ്‌നി അധികം വെള്ളം താങ്ങാന്‍ സാധിക്കുന്ന അവസ്ഥയിലായിരിക്കില്ല. അതുമൂലം ശരീരത്തില്‍ നിന്നും സോഡിയം നഷ്ടപ്പെടാന്‍ കാരണമാകും.
മുലപ്പാല്‍ കുടിക്കാതാവും : കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിക്കുന്നത് പതിയെ നിര്‍ത്തും. പ്രായമെത്തും മുമ്പെ മുലപ്പാല്‍ കുടിക്കുന്നത് നിര്‍ത്തിയാല്‍ പോഷകാഹാരക്കുറവ് കുട്ടികളില്‍ വരാം.
ആറുമാസത്തിനു ശേഷവും മുമ്പും വെള്ളം കുഞ്ഞുങ്ങള്‍ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെള്ളം നല്‍കുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കുക. അധികം ചൂടുള്ളതോ തണുത്തതോ നല്‍കാതിരിക്കുക.
ആറുമാസത്തിന് താഴെയുള്ള കുട്ടികള്‍ക്ക് , തിളപ്പിച്ചാറിയ ശേഷം മാത്രം വെള്ളം നല്‍കുക. ചൂടുള്ള സമയങ്ങളില്‍ വെള്ളം കൊടുക്കുമ്പോഴും ഇതേ കാര്യം ശ്രദ്ധിക്കുക.
ആറുമാസത്തിനു ശേഷം, വെള്ളം തിളപ്പിക്കാതെയും നല്‍കാം. ശുദ്ധമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം. എപ്പോഴും തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്.
കുപ്പിവെള്ളം ഉപയോഗിക്കാതിരിക്കുക, കടയില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളം നവജാതശിശുക്കള്‍ക്ക് നല്‍കാതിരിക്കുക. ഇത്തരം വെള്ളത്തില്‍ സോഡിയവും സള്‍ഫേറ്റും കൂടിയ അളവില്‍ അടങ്ങിയിരിക്കും. കുട്ടികള്‍ക്ക് ഇത് താങ്ങാനാവുന്നതിലും അധികമായിരിക്കും. വേറെ വഴിയില്ലാത്ത സാഹചര്യത്തില്‍ കുപ്പിയുടെ ലേബലിലെ സോഡിയം അളവ് 200മില്ലിയില്‍ താഴെയും സള്‍ഫേറ്റ് 250 മില്ലിയില്‍ താഴേയും ആണ് ഒരു ലിറ്ററില്‍ എന്ന് ഉറപ്പാക്കുക.
ആറു മാസത്തിനു ശേഷം കുഞ്ഞുങ്ങള്‍ എന്തെല്ലാം ദ്രാവകങ്ങള്‍ നല്‍കാം.
അമേരിക്കന്‍ പീഡിയാട്രിക്‌സ് അക്കാഡമി റെക്കമന്റ് ചെയ്യുന്നത് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുന്നതാണ് നല്ലതെന്നാണ്. അതിനു ശേഷം അല്പം ചില ജ്യൂസുകള്‍, അല്പാല്പം കട്ടിയാഹാരം (പ്രാദേശികമായി വ്യത്യാസം വരാം) ഇവ നല്‍കാം. ഇതോടൊപ്പം ഒരു വയസ്സുവരെ നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കേണ്ടതുണ്ട്.
അതിനുശേഷം കുട്ടികളുടേയും അമ്മമാരുടേയും സൗകര്യപ്രകാരം തുടരുകയോ നിര്‍ത്തുകയോ ആവാം. 12മാസം വരെ കുട്ടികള്‍ക്ക് മുലപ്പാലിനുപകരം മറ്റു പാലുകളൊന്നും നല്‍കരുത്. പശു, ആട് തുടങ്ങിയ മൃഗങ്ങളുടെ പാലുകള്‍. 2വയസ്സിനുശേഷം മാത്രം കുട്ടിയുടെ ഡയറ്റ് പ്ലാന്‍ പ്രകാരം ഇവ നല്‍കി തുടങ്ങാം.
5വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പാടനീക്കിയ പാല്‍ നല്കാതിരിക്കാം. കുട്ടികളുടെ വളര്‍ച്ചയ്ക്ക് കൊഴുപ്പ് ആവശ്യമാണ്.സ്മൂത്തികള്‍, ഫ്രൂട്ട് ജ്യൂസ് എന്നിവ 12മാസത്തിന് ശേഷം നല്‍കി തുടങ്ങുന്നതാണ് ഉത്തമം.