ചെറിയ പ്രായത്തില്‍ തന്നെ ഇന്ന് കുട്ടികള്‍ക്ക് ഫോണുകളും കമ്പ്യൂട്ടറും കളിപ്പാട്ടം പോലെ ആയി മാറിക്കഴിഞ്ഞു. ഫോണുകളുടേയും കമ്പ്യൂട്ടറുകളുടേയും അമിതോപയോഗം വലിവരേക്കാള്‍ അധികം കുട്ടികള്‍ക്ക് ദോഷമായിത്തീരും എന്ന കാര്യം ഇന്ന് പല രക്ഷിതാക്കളും മറക്കുകയാണ്. കുട്ടികളിലെ കളികളും കൂട്ടുകൂടലുകളും ക്രമേണ അന്യമായി കൊണ്ടിരിക്കുകയാണ് ഈ സ്മാര്‍ട്ട് യുഗത്തില്‍.
കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടുന്നതുമൂലം അവരുടെ വായനാശീലവും കണക്കിലെ കഴിവുകളും കുറയുന്നു എന്ന് ലണ്ടനിലെ എജ്യുക്കേഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു.
നമ്മുടെ വീടുകളിലെല്ലാം കുട്ടികളുടെ ആവശ്യങ്ങളിലൊന്നായി സമാര്‍ട്ട് ഫോണും ടാബും മാറിക്കഴിഞ്ഞു. കുട്ടികളും സ്മാര്‍ട്ട് ഫോണും മറ്റുമായി കളിക്കാന്‍ തുടങ്ങുന്നതോടെ കുട്ടികള്‍ക്കിടയിലും രക്ഷിതാക്കളുമായുമുള്ള ആശയവിനിമയം ഇല്ലാതായി തീരുന്നു. ഇത് അവരുടെ കഴിവുകള്‍ ഇല്ലാതാക്കുന്നു.
കുട്ടികള്‍ ഫോണും നെറ്റും ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ അവര്‍ക്ക് പരിചിതമല്ലാത്ത പുതിയ ഒരു ലോകമാണ് അവര്‍ക്ക് മുന്നില്‍ തുറന്ന് വരുന്നത്. അതില്‍ നല്ലതും ചീത്തയും എല്ലാം ഉണ്ടാകാം. എന്നാല്‍ കുട്ടികള്‍ക്ക് പലപ്പോഴും നല്ലതും ചീത്തയും തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല.
കൂടാതെ ഉറങ്ങും മുമ്പെയുള്ള മൊബൈല്‍ ഫോണും ടാബും ഉപയോഗിക്കുന്നത് കുട്ടികളില്‍ ഉറക്കസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഉറക്കക്കുറവ്, പൊണ്ണത്തടി, വിശപ്പില്ലായ്മ, തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു.