കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് വിരശല്യം.പരിസരശുചിത്വം കാത്തു സൂക്ഷിക്കുന്നതിലും ഭക്ഷണശീലങ്ങളിലും മുതിര്‍ന്നവര്‍ കാണിക്കുന്ന അലംഭാവമാണ് ഇതിനുള്ള പ്രധാന കാരണം.ശുദ്ധമല്ലാത്ത സാഹചര്യങ്ങളില്‍ ഇടപഴകുമ്പോള്‍ കുട്ടികളുടെ നഖത്തിനുള്ളില്‍ വിരമുട്ടകള്‍ കയറികൂടാന്‍ സാധ്യതയുണ്ട്. ശരിയായ രീതിയില്‍ കൈകഴുകാതെ ഭക്ഷണം കഴിതക്കുകയും മറ്റും ചെയ്യുമ്പോള്‍ ഈ വിരമുട്ടകള്‍ അവരുടെ ഉള്ളില്‍ ചെല്ലുന്നു. പിന്നീട് അവ വിരിഞ്ഞു വിരകളാകുന്നു. അന്നനാളം, ആമാശയം, ചെറുകുടല്‍, മലാശയം തുടങ്ങിയ ശരീരഭാഗങ്ങളിലെല്ലാം ഇവയുടെ ശല്യം ഉണ്ടാകും.
ഫൈലം മെറ്റാസോവ എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളാണു വിരകള്‍. ശുചിത്വം പാലിക്കാത്തിടത്താണു വിരശല്യം കൂടുതലായി കാണുന്നത്.
പലതരത്തിലുള്ള വിരബാധകളുണ്ട്. ഉരുളന്‍ വിര, കൃമി, കൊക്കപ്പുഴു, നാടവിര എന്നിങ്ങനെ.ഇവ ഓരോന്നും ബാധിക്കുമ്പോള്‍ പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.
മലിനമായ ഭക്ഷണസാധനങ്ങളിലൂടെയാണ് വിരമുട്ട് ശരീരത്തില്‍ പ്രവേശിക്കുന്നത്.ഉരുണ്ടവിരയുടെ മുട്ടകള്‍ ചെറുകുടലില്‍ വച്ച് വിരിഞ്ഞ് ലാര്‍വകളാകുന്നു. ഇവ രക്തത്തില്‍ കലര്‍ന്ന് ശ്വാസകോശത്തിലെത്തിയാല്‍ ഇസ്‌നോഫീലിയ,ചുമ, പനി എന്നിവയ്ക്ക് കാരണമാകും. കൊക്കപ്പുഴുവിന്റെ മുട്ടകള്‍ വിസര്‍ജ്ജ്യത്തിലൂടെ മണ്ണിലെത്തുന്നു. ചെരിപ്പിടാതെ മണ്ണിലൂടെ നടക്കുമ്പോള്‍ ഇവ കാലിലൂടെ കയറുന്നു. മിക്ക വിരകളും കുട്ടികളില്‍ വിളര്‍ച്ച, മാനസികവും ശാരീരികവുമായ വളര്‍ച്ച മുരടിപ്പ് എന്നിവയ്ക്ക് കാരണമാകുന്നു.
കുട്ടികളിലെ വിരശല്യത്തിന് ശരിയായ പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആറുമാസം കൂടുമ്പോഴും വിരശല്യം അധികമെങ്കില്‍ മൂന്നുമാസം കൂടുമ്പോഴും മരുന്നു നല്‍കണം. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വിരശല്യത്തിന് കുടുംബാംഗങ്ങളെല്ലാം ചികിത്സയ്ക്ക് വിധേയമാകേണ്ടതുണ്ട്. തുടര്‍ച്ചയായ ചികിത്സ ചിലയവസരങ്ങളില്‍ ആവശ്യമായി വരും. മരുന്നുകള്‍ വിരകളെ മാത്രമാണ് നശിപ്പിക്കുന്നത്. മരുന്നു കഴിച്ച ശേഷവും വിരകളുടെ മുട്ടകള്‍ ഉള്ളിലെത്താതെ മുന്‍കരുതലുകള്‍ എടുക്കേണ്ടതും ശുചിത്വം പാലിക്കേണ്ടതും ആവശ്യമാണ്.
മുന്‍കരുതലുകള്‍ എങ്ങനെ
കുട്ടികളുടെ വിരശല്യം മാറാന്‍ അനേകം ഗൃഹവൈദ്യങ്ങളുമുണ്ട്. കൃമിശല്യമുള്ളപ്പോള്‍ തൈര്, പാല്‍,ശര്‍ക്കര എന്നിവ ഒഴിവാക്കണം.