കുഞ്ഞുങ്ങളുടെ നേത്രാരോഗ്യ കാര്യങ്ങളില്‍ വളരെ നേരത്തെതന്നെ ശ്രദ്ധ വെക്കേണ്ടത് ആവശ്യമാണ്. കുഞ്ഞുകണ്ണുകള്‍ക്കുള്ള ശ്രദ്ധ ഗര്‍ഭകാലത്തെ ആരംഭിക്കണം. ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന വൈറസ് രോഗങ്ങളും മറ്റും കുഞ്ഞിന്റെ നേത്രാരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.അമ്മ കഴിക്കുന്ന ചില മരുന്നുകളും കുഞ്ഞിന്റെ കണ്ണുകള്‍ക്ക് പ്രശ്‌നം വരാന്‍ കാരണമാകും.കരുതലിലെ കുറവോ അജ്ഞതയോ മൂലം വാവയുടെ കണ്ണിന്റെ കാര്യം ശ്രദ്ധിക്കാതെ പോയാല്‍ കുഞ്ഞുങ്ങള്‍ക്ക് വര്‍ണ്ണങ്ങളുടെ ലോകം തന്നെ നഷ്ടമായേക്കാം.
മുതിര്‍ന്ന ഒരാളുടെ കാഴ്ചയുടെ ആറിലൊന്ന് മാത്രമാണ് കുഞ്ഞിന്റെ കാഴ്ചശക്തി. വെളിച്ചമടിക്കുമ്പോള്‍ കുഞ്ഞിന് കണ്ണുതുറക്കാന്‍ നന്നേ പ്രയാസമാകും. മൂന്നാഴ്ച പിന്നിടുമ്പോഴേക്കും ഇത് പതിയെ ശരിയാകും. നാലാഴ്ച പിന്നിടുമ്പോള്‍ അമ്മയുടെ മുഖം കേന്ദ്രീകരിച്ച് ചിരിക്കാന്‍ തുടങ്ങും. ജനിച്ച ഉടന്‍ തന്നെ കുഞ്ഞിന്റെ കണ്ണുകള്‍ പരിശോധിപ്പിക്കാം. കണ്ണില്‍ ഉണ്ടാകുന്ന അടയാളങ്ങളും മുറിവുകളും പ്രത്യേകം ശ്രദ്ധിക്കണം. കണ്ണില്‍ പീള അടിയുകയോ വെള്ളമോ പഴുപ്പോ വരികയോ ചെയ്യുന്നുവെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.തിമിരം, കണ്ണിലെ മര്‍ദ്ദം കൂടുന്ന ബുഫ്താല്‍മോസ് തുടങ്ങിയ രോഗങ്ങള്‍ കുഞ്ഞുങ്ങളില്‍ ചെറുപ്പം മുതലേ കാണാം.
കണ്ണിന്റെ ചലനങ്ങളാണ് കുഞ്ഞിന്റെ കാഴ്ച മനസ്സിലാക്കാനുള്ള വഴി. ജനിച്ച് ഒന്നോ രണ്ടോ ആഴ്ചയ്ക്കു ശേഷം കാണുന്ന വസ്തുക്കളിലേക്ക് കുഞ്ഞുങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങും. മൂന്നുനാലു മാസം കഴിയുമ്പോഴേക്കും കുഞ്ഞ് താല്‍പര്യമുള്ള വസ്തുക്കള്‍ ശ്രദ്ധിച്ചുതുടങ്ങും. ആറുമാസമാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ കൂടുതല്‍ വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങും.
കാഴ്ച സംബന്ധമായ പല പ്രശ്‌നങ്ങളും തിരിച്ചറിയുന്നത് സ്‌കൂളില്‍ വച്ചായിരിക്കും. കാഴ്ചതകരാറുകള്‍ നേരത്തെ കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ടാണിത്.
കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ പ്രശ്‌നം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അമ്മമാരും അധ്യാപകരുമാണ് കൃത്യമായ നിരീക്ഷണത്തിലൂടെ കണ്ണിന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്തേണ്ടത്.