കുട്ടികളെ മിടുക്കരായി വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ട്. സമൂഹത്തില്‍ കുട്ടികള്‍ എങ്ങനെ ഇടപഴകുന്നു, മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു, മുതിര്‍ന്നവരെ എങ്ങനെ ബഹുമാനിക്കണം, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നിവയൊക്കെ മാതാപിതാക്കളില്‍ നിന്നും ആണ് കുട്ടികള്‍ ആദ്യം പഠിക്കുന്നത്. ആ കാര്യങ്ങള്‍ ഒരിക്കലും അവരില്‍ പറഞ്ഞു ചെയ്യിപ്പിക്കുകയല്ല വേണ്ടത് , മുതിര്‍ന്നവരെ കണ്ട് അവര്‍ സ്വയം പഠിച്ചെടുക്കുന്നതാണ്.
പണ്ടുകാലങ്ങളില്‍ കുട്ടികള്‍ക്ക നല്ല ശീലങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ മുത്തശ്ശിയും മുത്തശ്ശന്മാരും എല്ലാം ഉണ്ടായിരുന്നു. ഇന്നത്തെ അണുകുടുംബത്തില്‍ അച്ഛനമ്മമാര്‍ക്കുപോലും ഇതിനുളള സമയമില്ല. എത്ര തിരക്കാണെങ്കിലും കുട്ടികള്‍ക്ക് വേണ്ടി അല്പ സമയമെങ്കിലും ചിലവഴിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികളെ ശിക്ഷിച്ചല്ല നന്നാക്കിയെടുക്കേണ്ടത് എന്ന കാര്യം ഓരോ മാതാപിതാക്കളും എപ്പോഴും ഓര്‍മ്മിക്കേണ്ട സംഗതിയാണ്. സ്‌നേഹത്തോടെ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ കുട്ടികള്‍ എപ്പോഴും ഓര്‍മ്മിക്കും. ചിലര്‍ മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുട്ടികളെ ശിക്ഷിക്കാരുണ്ട്. ഇത് കുട്ടികളെ നന്നാക്കുന്നതിനു പകരം അവരില്‍ വേദനയാണുണ്ടാക്കുക. പരസ്പര സ്‌നേഹവും സഹകരണവും കുട്ടികള്‍ വീട്ടില്‍ നിന്നും ആണ് ആദ്യം പഠിക്കേണ്ടത്. ഇത് അവര്‍ക്ക് സമൂഹത്തില്‍ ന്ല്ല രീതിയില്‍ ജീവിക്കുന്നതിന് വഴികാട്ടിയാകുന്നു.
കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ കേള്‍ക്കുന്നതിനും അവര്‍ക്ക് മനസ്സിലാകുന്ന വീട്ടിലെ കാര്യങ്ങള്‍ അവരോടൊപ്പം ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും അവരുടെ വ്യക്തിത്വവികാസത്തിനും സാമൂഹികശേഷി വളരാനും സഹായിക്കുന്നു. കുട്ടികള്‍ ചെറിയ പ്രായത്തിലേ ശീലിക്കുന്ന നല്ല് ശീലങ്ങള്‍ അവരുടെ ഏതു പ്രായത്തിലും ഗുണകരമായിത്തീരും എന്നു തീര്‍ച്ച. നമ്മുടെ കുഞ്ഞുങ്ങളെ മിടുക്കരാക്കാന്‍ എന്തൊക്കെ ശീലങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കാമെന്ന് നോക്കാം.
നല്ല ഉറക്കം കുട്ടികള്‍ക്ക് വളരെ അത്യാവശ്യമാണ്. നല്ല ഉറക്കം കുട്ടികളില്‍ ഓര്‍മ്മശക്തി, ഏകാഗ്രത, എന്നിവ ഉണ്ടാ്ക്കുന്നു. ആരോഗ്യകരമായ ശീലത്തില്‍ ഏറ്റവും പ്രധാനം രാത്രി നേരത്തെ ഉറങ്ങി , രാവിലെ നേരത്തേ ഉണരുക എന്നതാണ്.
കുട്ടികളില്‍ നല്ല ഭക്ഷണരീതി ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും
ആവശ്യമായ എല്ലാ ഘടങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍, ഇലക്കറികള്‍, മത്സ്യം, മുട്ട, മാംസം, പാല്‍, ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളവും കുട്ടികള്‍ക്ക് ഉറപ്പുവരുത്തുക.
ഭക്ഷണത്തിനു മുമ്പും ശേഷവും നന്നായി കൈയും വായും കഴുകുന്ന ശീലം ഉണ്ടാക്കുക. അസുഖങ്ങള്‍ വരാതിരിക്കുന്നതിനും പല്ലിന്റെ ആരോഗ്യത്തിനും ഇത് വളരെ അത്യാവശ്യമാണ്.പുറത്തുപോയി വീട്ടില്‍ തിരിച്ചെത്തുമ്പോഴും കൈകാലുകള്‍ കഴുകി വൃത്തിയാക്കുന്ന ശീലം ഉണ്ടാക്കുക.
പഠിക്കുന്ന കാര്യത്തിലും മറ്റും കുട്ടികള്‍ക്ക് കൃത്യനിഷ്ഠ ഉണ്ടാക്കിയെടുക്കുക. സത്യം പറയാന്‍ കുട്ടികളെ പ്രേരിപ്പിക്കുക.