കുട്ടികളെ അടക്കിയിരുത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇപ്പോള്‍ അമ്മമാര്‍ അതിനുള്ള എളുപ്പവഴിയായി കണ്ടെത്തിയിരിക്കുന്നത് ടെലിവിഷനുമുമ്പില്‍ ഇരുത്തുക എന്നതാണ്. ഭക്ഷണം കഴിപ്പിക്കാനും ഉള്ള മാര്‍ഗ്ഗമായി ഇന്ന് ടെലിവിഷന്‍ മാറിയിരിക്കുന്നു.എന്നാല്‍ നമ്മുടെ സൗകര്യത്തിനായി ചെയ്യുന്ന ഈ കാര്യം കുട്ടികളുടെ ശാരീരികാരോഗ്യത്തേയും മാനസികാരോഗ്യത്തേയും പ്രതികൂലമായാണ് ബാധിക്കുന്നത്.
ഏറെ നേരം ടിവി കാണുന്ന കുട്ടികളില്‍ ഏകാഗ്രത കുറവ് കണ്ടുവരുന്നതായി പഠനങ്ങളില്‍ പറയുന്നു. ഇത് പഠനകാര്യങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു. ദിവസവും രണ്ടുമണിക്കൂറില്‍ കൂടുതല്‍ ടിവിയുടെ മുമ്പില്‍ ചെലവഴിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 67 ശതമാനം ഏകാഗ്രതയുടെ പ്രശ്‌നങ്ങള്‍ ഉണ്ട്.രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് നിര്‍ബന്ധമായും തടയണമെന്നാണ് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നിര്‍ദ്ദേശിക്കുന്നത്. 2 വയസ്സിനു മുകളിലുള്ള കുട്ടികള്‍ ഒരു മണിക്കൂറിലധികം സമയം ടെലിവിഷനു മുമ്പില്‍ ഇരിക്കരുത്. രണ്ടു വയസ്സുവരെയാണ് കുട്ടികളില്‍ മസ്തിഷ്‌ക വികാസത്തിന്റെ നിര്‍ണ്ണായകഘട്ടം. ഈ സമയത്ത് കുട്ടികള്‍ വിവിധ കളികളിലും , അന്വേഷിച്ച് കണ്ടെത്തല്‍, മാതാപിതാക്കളും കുടുംബാംഗങ്ങളുമായും ആശയവിനിമയം എന്നിവയും ചെയ്യേണ്ടത് കുട്ടിയുടെ മാനസികവും ശാരീരികവുമായ വികാസത്തിന് അത്യാവശ്യമാണ്.
ടെലിവിഷന്‍ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു
വളര്‍ന്നു വരുന്ന കുട്ടികള്‍ വിവിധ അറിവുകള്‍ സ്വായത്തമാക്കുന്നത് social learning വഴിയാണ്. മുതിര്‍ന്നവരുടെയും കൂട്ടുകാരുടെയും പെരുമാറ്റങ്ങളെ നിരീക്ഷിച്ച് ആ പെരുമാറ്റ രീതികളെ അനുകരിക്കാന്‍ തുടങ്ങുന്ന രീതിയാണിത്. ഈ പ്രായത്തില്‍ ടെലിവിഷനു മുമ്പില്‍ സമയം ചെലവഴിക്കുന്ന കുട്ടികള്‍ അതിലുള്ള കാര്യങ്ങളാവും അനുകരിക്കുക. ടെലിവിഷനിലെ അക്രമണരീതികളും ആത്മഹത്യാമാര്‍ഗ്ഗങ്ങളുമൊക്കെ ആയിരിക്കും കുട്ടികള്‍ അനുകരിക്കുക.തങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലത്തെ കുറിച്ച് യാതൊരു ബോധ്യവുമില്ലാതെയാകും ഇത്തരം അനുകരണങ്ങള്‍.
ഭീകരദൃശ്യങ്ങളും മറ്റും സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ കുട്ടികളുടെ മനസ്സിനെ ഭയം കൊണ്ടു നിറയ്്ക്കുന്നു. എല്ലാത്തിനേയും പേടിയോടെ നോക്കികാണാനെ ഇത് അവരെ സഹായിക്കൂ. കാര്‍ട്ടൂണ്‍ പരമ്പരകളിലാകട്ടെ ഹാസ്യത്തിന്റെ അകമ്പടിയോടെയുള്ള അക്രമരംഗങ്ങളും മറ്റും കാര്യത്തിന്റെ ഗൗരവം കുറച്ചു കാണാനും അക്രമം പ്രശ്‌നമുള്ള ഒന്നല്ല് എന്ന സന്ദേശം കുട്ടികളില്‍ നല്‍കാനും കാരണമാകുന്നു. പരസ്യമാണ് ഏറ്റവും വലിയ വില്ലന്‍. എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ പരസ്യത്തില്‍ കാണിക്കുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലത്തെ താളം തെറ്റിക്കുന്ന പരസ്യങ്ങളാല്‍ അവര്‍ സ്വാധീനിക്കപ്പെടുന്നു.
വായന, കളികള്‍, സാമൂഹികബന്ധങ്ങള്‍, സൗഹൃദങ്ങള്‍ എന്നിങ്ങനെ വ്യക്തിത്വവികാസത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ ഏറെ അകലുന്നു.
രക്ഷിതാക്കള്‍ക്ക് എന്തൊക്കെ ചെയ്യാം
ടെലിവിഷനെ ദൃശ്യങ്ങളും യഥാര്‍ത്ഥജീവിതവും തമ്മിലുള്ള വ്യത്യാസത്തെകുറിച്ച് ചെറുപ്രായത്തിലെ കുട്ടികളെ ബോധവന്മാരാക്കേണ്ടതാണ്. തങ്ങളുടെ കുട്ടികള്‍ ടെലിവിഷനില്‍ എന്തൊക്കെയാണ് കാണുന്നതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്തൊക്കെ ചെയ്യാം എന്നു നോക്കാം.
ടിവി കാണുന്നതില്‍ നിന്നും കുട്ടികളെ പൂര്‍ണ്ണമായും വിലക്കാന്‍ സാധിക്കില്ല. അറിവു നേടുന്നതിനുള്ള മാധ്യമമായി അതിനെ മാറ്റുകയാണ് വേണ്ടത്. വാര്‍ത്തകള്‍, വിജ്ഞാനാധിഷ്ഠിതമായുള്ള പരിപാടികള്‍ തുടങ്ങിയവ കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. ഒപ്പം മുതിര്‍ന്നവരും കാണുകയും കുട്ടികള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയുമാവാം.പ്രായത്തിനനുസരിച്ച് ടിവി കാണാനുള്ള സമയവും നിശ്ചയിക്കാം. ടെലിവിഷനുകള്‍ മാത്രമല്ല , കംമ്പ്യൂട്ടറര്‍ ഗെയിമുകളും വീഡിയോ ഗെയിമുകളും മൊബൈല്‍ ഗെയിമുകളുംം കുട്ടികളെ മാനസികവും ശാരീരികവുമായി ബാധിക്കുന്നുണ്ട് ടെലിവിഷന്‍ എന്നതുപോലെ തന്നെ അതിനും നിയന്ത്രണം ആവശ്യമാണ്.