രാസവസ്തുക്കൾ അടങ്ങിയ ക്രീമുകളും പൗഡറുകളും മറ്റും ഉപയോഗിച്ചുള്ള സൗന്ദര്യ വർധക ഉത്പന്നങ്ങൾക്ക് പിറകേ പായുന്നവരാണ് ഇന്നത്തെ ഒട്ടുമിക്ക ആളുകളും. ദൈനംദിന ജീവിതത്തിലെ സമയമില്ലായാമയാണ് ഇക്കൂട്ടർ ഇതിന് കാരണമായി പറയുന്നത്.
എന്നാൽ പെട്ടെന്ന് സൗന്ദര്യം കൂട്ടാനായിചെയ്യുന്ന ഇത്തരം പ്രവർത്തികളൊക്കെ പിന്നീട് ജീവിത്തിൽ വിനയായി തീരും എന്ന് മനസിലാക്കാത്തവരാണ് ഏറെയും. അധിക സമയം ചിലവഴിക്കാതെ തന്നെ സൗന്ദര്യത്തെ വരുതിക്ക് നിർത്താൻ അനേകം മാർഗങ്ങളുണ്ട്.
പ്രകൃതി ഒരു അത്ഭുതമാണെന്ന് പറയുന്ന നമ്മൾ പ്രകൃതി തരുന്ന പലതിനെയും കൃത്യമായി ഉപയോഗപ്പെടുത്തിയാൽ രാസവസ്തുക്കളടങ്ങിയ വസ്തുക്കളെ പിന്നീടൊരിക്കലും കൂടെ കൂട്ടില്ല.
സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിൽ ഏറെ മുൻപിലുള്ള ഒന്നാണ് തേൻ. തേനിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് സൗന്ദര്യത്തെ ഉടവുതട്ടാതെ കാത്ത് സൂക്ഷിക്കുക. കൂടാതെ ചർമ്മത്തിന് നിറം നൽകാനും , ചുളിവുകൾ മാറ്റാനും, തേൻ സഹായകരമാണ്.
ചർമ്മത്തിലെ ചുളിവുകൾ മാറ്റുന്നതിനാൽ ഇതുമൂലം പ്രായക്കുറവ് തോന്നിക്കാനും തേൻ അത്യുത്തമമാണ്. ചെറുനാരങ്ങാ നീരിൽ കലർത്തി തേൻ ഉപയോഗിക്കുന്നത് ചർമ്മത്തെ മൃദുത്വമുള്ളതാക്കി തീർക്കാൻ സഹായിക്കും.വരണ്ട ചർമ്മമുള്ളവർക്ക് തേനും കറ്റാർ വാഴയും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ പലവിധത്തിൽ നമ്മുടെ ചർമ്മത്തെ യുവത്വമുളളതാക്കി തീർക്കാൻ തേൻ സഹായിക്കും