മഴക്കാലം തുടങ്ങി, കൂടെ പലതരത്തിലുള്ള പനികളും.ഡങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഓരോ വര്‍ഷവും. ഡങ്കിപ്പനി മൂലമുള്ള മരണങ്ങളില്‍ കേരളം ദേശീയതലത്തില്‍ ഒന്നാമതാണ്. ഡങ്കിപ്പനി ഒരിക്കല്‍ വന്നവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്.ഒരു തവണ രോഗം വന്നവര്‍ക്ക് വീണ്ടും വന്നാല്‍ ഗുരുതരമായ അവസ്ഥയിലേക്കെത്തുമെന്നതിനാലാണ് മരണം ഇത്രയേറെ കൂടുന്നത്.
ഡങ്കിപ്പനി എന്താണ്
ഈഡിസ് ഈജിപ്ത് കൊതുകുകള്‍ പരത്തുന്ന ഡങ്കു വൈറസുകളാണ് ഇതിന് കാരണമാകുന്നത്. കേരളത്തില്‍ സാധാരണയായി കാണപ്പെടുന്ന ചെറിയ വരയന്‍ കൊതുകുകളാണ് ഇവ. ഈ കൊതുകുകള്‍ പകല്‍ സമയങ്ങളിലാണ് കൂടുതലായും കാണപ്പെടുക.
കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ മുട്ടയിട്ടാണ് ഇവ പെരുകുന്നത്. ഇടവിട്ടു വരുന്ന പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.ശക്തിയായ പേശീവേദനയും ,തലവേദനയും കാണും. തുടക്കത്തില്‍ തന്നെ ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്. സ്വയം ചികിത്സ ആപത്ത് വരുത്തും.
രോഗലക്ഷണങ്ങള്‍
സാധാരണ വൈറല്‍ പനികളില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ല ഡങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ക്കും. ആയതിനാല്‍ തന്നെ തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്.മുതിര്‍ന്നവരെയും കുട്ടികളേയും ഒരു പോലെ ബാധിക്കുന്ന രോഗമാണ് ഡങ്കിപ്പനി.
കൊതുകുകടിയേറ്റ് 3മുതല്‍ 15 ദിവസത്തിന് ശേഷമാകും പലപ്പോഴും ലക്ഷണങ്ങള്‍ കാണപ്പെടുക. കടുത്ത പനിയും സഹിക്കാന്‍ വയ്യാത്തതരത്തിലുള്ള തലവേദനയുമാണ് പ്രാഥമിക ലക്ഷണം. കണ്ണിന് ചുറ്റും അസഹ്യമായ വേദനയുണ്ടാകും.കണ്ണുകള്‍ ഇളക്കുമ്പോഴെല്ലാം വേദന കൂടുതലാവും.
ഇതു കൂടാതെ താഴെ പറയുന്ന ലക്ഷണങ്ങളും കാണാ.
പനി വന്നവര്‍ പുറം വേദനയും പറയുന്നുണ്ട്.
പകരുന്ന വിധം
കാലാവസ്ഥ വ്യതിയാനം മൂലമാണ് കൊതുകുജന്യമായ രോഗം എല്ലാകാലത്തും വേനലില്‍ പോലും വിട്ടുമാറാത്തത്. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള ഒരാളെ കടിക്കുമ്പോള്‍ ഉമിനീര്‍ വഴി അയാളിലേക്ക് വ്യാപിച്ച് രോഗകാരണമാവുന്നു. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കൊതുകുവഴി മാത്രമേ ഈ രോഗം പകരുകയുള്ളൂ. നാല് തരത്തിലുള്ള വൈറസുകളുള്ളതിനാലാണ് ഈ രോഗം ഒരിക്കല്‍ വന്നിട്ടുള്ളവര്‍ക്ക് വീണ്ടും വരുന്നത്.
മരണകാരണമാകുന്നതെങ്ങനെ
പനി ബാധിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ അളവ് പെട്ടെന്ന് കുറയുന്നതിന് കാരണമാകുന്നു. ഇത് വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആന്തരിക രക്തസ്രാവത്തിനും മരണത്തിനും കാരണമാകുന്നു. അതിനാല്‍ ആരംഭത്തില്‍ തന്നെ വേണ്ട ചികിത്സ ലഭിക്കേണ്ടതുണ്ട്.
രോഗം മൂര്‍ച്ഛിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വരുത്തുന്നതു മൂലം മൂക്ക് , മലദ്വാരം തുടങ്ങിയവയില്‍ നിന്നും രക്തസ്രാവമുണ്ടാക്കുന്നു. ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ടപിടിക്കുകയും ചെയ്യും. ഈ രണ്ട് അവസ്ഥകളും രോഗിയെ മരണത്തിലേക്ക് നയിച്ചേക്കാം.
മുന്‍കരുതലുകളെടുക്കാം
മഴക്കാലമാണ് വരുന്നത്, പലതരത്തിലുള്ള വൈറല്‍ പനികളും ആക്രമിക്കുന്ന കാലം. വേണ്ട രീതിയിലുള്ള മുന്‍കരുതലുകള്‍ മുമ്പേ തന്നെ എടുക്കാം. പനിമരണങ്ങള്‍ ഒഴിവാക്കാന്‍ അതാണ് നല്ലത്.
ഇതില്‍ ഡങ്കിപ്പനിയില്‍ നിന്നും രക്ഷനേടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം കൊതുകുകടി ഏല്‍ക്കാതിരിക്കലാണ്. കാരണം കൊതുകു വഴിയാണ് ഈ രോഗം പകരുക എന്നതുതെന്നെ.
ഡങ്കിപ്പനി ബാധിച്ചവര്‍ക്ക് കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ വേണ്ടുന്ന മുന്‍കരുതലുകളെടുക്കാം. ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, രോഗിക്ക് കൂട്ടിരിക്കുന്നവര്‍, ബന്ധുക്കള്‍ എന്നിവരെല്ലാം വേണ്ട മുന്‍കരുതലുകളെടുത്തിരിക്കണം.
കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക.
ധാരാളം വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഡങ്കിപ്പനിയുടെ ലക്ഷണമാണെന്നു കണ്ടാല്‍ ധാരാളം വെള്ളം കുടിക്കുകയും , വേണ്ടത്ര വിശ്രമിക്കേണ്ടതും അത്യാവശ്യമാണ്. പനി കുറയുന്നതിനുള്ള മരുന്നുകള്‍ ഉപയോഗിച്ച ശേഷം എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടാം.