നര്‍ത്തകിയും സീരിയല്‍ നടിയുമായ സോനു വിവാഹിതയായി. ബംഗളൂരുവില്‍ ഐടി എഞ്ചിനീയറായ അജയ് ആണു വരന്.
സെറ്റുമുണ്ടും നേര്യതും, വളരെ കുറച്ച് ആഭരണങ്ങളുമണിഞ്ഞ് മുല്ലപ്പൂ ചൂടി തനി മലയാളി പെണ്‍കൊടിയായാണ് സോനു ഗുരുവായൂര്‍ അമ്പലനടയില്‍ വിവാഹത്തിനെത്തിയത്.ക്ഷേത്രനടയില്‍ വച്ചു നടന്ന ചടങ്ങില്‍ വളരെയടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
വിവാഹത്തിന് മുമ്പായി ഇറങ്ങിയ വെഡ്ഡിംഗ് ടീസറിലും നാടന്‍ പെണ്‍കുട്ടിയായാണ് സോനു എത്തിയിരുന്നത്.
പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയാണ് സോനു. ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയില്‍ സോനു തിളങ്ങിയിട്ടുണ്ട്. പഠനത്തിലും മിടുക്കിയായ സോനു ഇപ്പോള്‍ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പിജി പൂര്‍ത്തിയാക്കി. കുച്ചിപ്പുടിയില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള ഒരുക്കത്തിലാണ് താരം. മര്‍ച്ചന്റ് നാവിയില്‍ ഉദ്യോഗസ്ഥനായ കെ സതീഷ് കുമാറിന്റെയും ഡോ. ശ്രീകലയുടേയും മകളാണ് സോനു. സുയോഗ് ആണ് അനുജന്.