സിനിമയുടെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് രഞ്ജി പണിക്കര്‍. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ ശേഷം നടന്‍ എന്ന നിലയിലും അദ്ദേഹം വളരെയധികം ശോഭിച്ചു. ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെ നടന്‍ എന്ന നിലയില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി.
അലമാര എന്ന അടുത്ത ചിത്രത്തിലൂടെ ഗായകനായും രഞ്ജി പണിക്കര്‍ മാറുകയാണ്. മനു മഞ്ജിത് രചിച്ച 'എന്‍ തല ചുറ്റണു' എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം പാടിയിരിക്കുന്നത്. സിനിമയുടെ മൂഡിനനുസരിച്ചാണ് ഗാനം രചിച്ചിരിക്കുന്നതെന്നാണ് മനു ഗാനത്തെ കുറിച്ച് പറഞ്ഞത്. വിവാഹം അതോടനുബന്ധിച്ചുള്ള ചടങ്ങുകളേയും പാട്ടിലൂടെ തമാശരൂപേണ പറഞ്ഞിരിക്കുകയാണ്. ഒരാളുടെ ജീവിതത്തെ എങ്ങനെയെല്ലാം വിവാഹം സ്വാധീനിക്കുന്നു എന്നാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്.
പാട്ടിന്റെ റെക്കോര്‍ഡിംഗ് പുതുമ നിറഞ്ഞ ഒരു അനുഭവമായിരുന്നുവെന്ന് രഞ്ജി പണിക്കര്‍. പാടാന്‍ വളരെ എളുപ്പമുള്ള ലളിതമായ സംഗീതമായിരുന്നു. സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂരജ് എസ് കുറുപ്പ് ആണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. രഞ്ജി സാറിനെക്കൊണ്ട് പാടിക്കാന്‍ വളരെ പ്രയാസപ്പെട്ടു എന്ന് സംവിധായകന്‍. അദ്ദേഹം തുടക്കത്തില്‍ പാടാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പാട്ടിന്റെ വരികള്‍ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തെകൊണ്ട് പാടിക്കുന്നത് നന്നായിരിക്കുമെന്ന് താന്‍ വിചാരിച്ചിരുന്നു.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അലമാരയില്‍ സണ്ണി വെയ്ന്‍ മുഖ്യ കഥാപാത്രമായെത്തുന്നു. അതിഥി രവിയാണ് സണ്ണിയുടെ നായികയായെത്തുന്നത്. വിവാഹത്തിന് സമ്മാനമായി അലമാര നല്‍കുന്ന ചടങ്ങിനെ ആക്ഷേപഹാസ്യരൂപേണ ചിത്രീകരിച്ചിരിക്കുകയാണ് സിനിമയില്‍.അജു വര്‍ഗീസ്, സൈജു കുറുപ്പ്, സാദിഖ്, സീമ ജി നായര്‍,സുധി കൊപ്പ,രഞ്ജി പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജോണ്‍ മാന്ത്രിക്കല്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മാര്‍ച്ച് 17ന് ചിത്രം തിയേറ്ററുകളിലെത്തും.