തമിഴ് രാഷ്ട്രീയം ചര്‍ച്ച ചെയ്ത ഇരുവര്‍ റിലീസ് ചെയ്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതിലെ നായകകഥാപാത്രങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. മോഹന്‍ലാലും പ്രകാശ് രാജും ഇത്തവണ മലയാളം സിനിമയ്ക്കായാണ് ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
വിഎ ശ്രീകുമാര്‍ എന്ന പരസ്യസംവിധായകന്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനിലാണ് ഇരുവരും ഒന്നിക്കുന്നത്. മഞ്ജുവാര്യര്‍ ആണ് ചിത്രത്തില്‍ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
2018ല്‍ രണ്ടാംമൂഴം ഒരുക്കുന്നതും വിഎ ശ്രീകുമാര്‍ തന്നെയാണ്. മോഹന്‍ലാല്‍ കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ളതാണ് മഞ്ജുവിന്റെ വേഷവും ചിത്രത്തിലെന്ന് സംവിധായകന്‍. ശക്തമായ സ്ത്രീ കഥാപാത്രമാണ് സിനിമയിലേത്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന വില്ലന്‍ വേഷവും ഏറെ വ്യത്യസ്തമാണ്.
ഈ മൂവരേയും കൂടാതെ ബോളിവുഡില്‍ നിന്നും ഒരു പ്രധാന നടനും സിദ്ദീഖും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 25 ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് ഒടിയന്‍.
സിനിമയുടെ അണിയറക്കാര്‍ സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നതിനായി പീറ്റര്‍ ഹെയിനിനെ സമീപിച്ചിട്ടുണ്ട്. സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ഏറെ വ്യത്യസ്തവും സിനിമയുമായി ഇഴുകിചേര്‍ന്നവയുമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്‍ ആണ് തിരക്കഥ ഒരുക്കുന്നത്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പാലക്കാട്, കോയമ്പത്തൂര്‍, പൊള്ളാച്ചി, ഹൈദരാബാദ്, വാരാണസി എന്നിവിടങ്ങളിലായാണ് ചിത്രീകരണം.