എന്നു നിന്റെ മൊയ്തീന്‍ ഡയറക്ടര്‍ ആര്‍ എസ് വിമല്‍ ഒരുക്കുന്ന മഹാവീര്‍ കര്‍ണ്ണ എന്ന ചിത്രത്തില്‍ കര്‍ണ്ണനായി എത്തുന്നത് ചിയാന്‍ വിക്രം ആണ്. 300 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയതായി ചിത്രത്തെ കുറിച്ചു വരുന്ന വാര്‍ത്തകള്‍ സംവിധായകന്‍ സിനിമയുടെ സ്‌ക്രിപ്റ്റുമായി അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിനായി ശബരിമല സന്ദര്‍ശനം നടത്തി എന്നതാണ്.
മഹാഭാരതത്തെ കേന്ദ്രകഥയാക്കി ഇന്റര്‍നാഷണല്‍ ലെവലില്‍ ഒരുക്കുന്ന ചിത്രമാണ് മഹാവീര്‍ കര്‍ണ്ണ. ഒക്ടോബറില്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വച്ച് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഹൈദരാബാദ്, ജോധ്പൂര്‍ എന്നിവിടങ്ങളിലായി പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കും.
വിക്രം തന്റെ കഥാപാത്രത്തിനു വേണ്ടി ശരീരത്തില്‍ മാറ്റം വരുത്തുന്നതില്‍ പുതുമയില്ല. ഒരു പടയാളിയാകാനായി ഈ ചിത്രത്തിലും വിക്രത്തിന്റെ മാറ്റങ്ങള്‍ കാണാം. സിനിമയിലെ യുദ്ധരംഗങ്ങള്‍ക്കായി ഇപ്പോഴേ അദ്ദേഹം ഒരുക്കങ്ങള്‍ തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.അന്തര്‍ദ്ദേശീയ ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സില്‍ നിന്നും പരിശീലനവും നേടുന്നുണ്ട്.
സിനിമ മലയാളത്തില്‍ ചിത്രീകരിക്കാനായിരുന്നു ആദ്യം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രം തമിഴിലും ഹിന്ദിയിലും ആയി ഒരുക്കുനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. പാന്‍ ഇന്ത്യ അടിസ്ഥാനത്തില്‍ തന്നെ ചിത്രത്തിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്. സംവിധായകന്‍ സിനിമയ്ക്കായി താരങ്ങളേയും ടെക്‌നീഷ്ന്‍മാരേയും തിരഞ്ഞെടുക്കുന്നതിനുള്ള തിരക്കിലാണിപ്പോള്‍. ഒക്ടോബര്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം 2019 ഡിസംബറോടെ റിലീസ് ചെയ്യുമെന്നാണറിയുന്നത്.