കാരറ്റ് റൈസ് തയ്യാറാക്കാം കുട്ടികള്‍ക്കായി

NewsDesk
കാരറ്റ് റൈസ് തയ്യാറാക്കാം കുട്ടികള്‍ക്കായി

എന്നും അമ്മ ചോറും കറിയുമാണ് സ്‌കൂളിലേക്ക വയ്ക്കുന്നതെന്ന് പറയാത്ത കുട്ടികള്‍ കാണില്ല. കുട്ടികളുടെ പരാതിക്ക് പരിഹാരമായി ഒരു ദിവസം ഇതൊന്ന് പരീക്ഷിക്കാം. കാരറ്റ് കുട്ടികള്‍ കഴിക്കുകയും ചെയ്യും. വ്യത്യസ്തമായ ഒരു ലഞ്ച് ബോക്‌സ് ഒരുക്കുകയുമാവാം. ടിവി പരിപാടിയില്‍ നിന്നുമാണ് ഇതിന്റെ റെസിപ്പി കിട്ടിയത്. വീട്ടില്‍ പരീക്ഷിക്കുകയും ചെയ്തു.

തയ്യാറാക്കാന്‍ ആവശ്യമായിട്ടുള്ളതില്‍ പ്രധാനം കാരറ്റ് തന്നെയാണ്. ബസ്മതി അരി അല്ലെങ്കില്‍ ജീരക അരി ഉപയോഗിച്ചുള്ള ചോറാണെടുക്കാന്‍ നല്ലത്. ആദ്യമേ തന്നെ അരി നന്നായി കഴുകി, അരമണിക്കൂര്‍ കുതിര്‍ത്ത് വച്ച ശേഷം വേവിച്ചെടുക്കാം. പിന്നെ ആവശ്യമുള്ള ചേരുവകള്‍ അല്പം കാരറ്റ് ജ്യൂസ്, തേങ്ങാപ്പാല്‍, ചെറിയ ഉളളി, പച്ചമുളക്, വറ്റല്‍മുളക്, കടുക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയാണ്.

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് അല്പം നെയ്യൊഴിച്ച് അതില്‍ ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചി ഒരു സ്പൂണ്‍ ഇട്ട് നന്നായി വഴറ്റുക.നന്നായി വഴന്ന് കഴിഞ്ഞാല്‍ അതിലേക്ക് ഒരു സ്പൂണ്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇടുക. അതിന്റെ പച്ചമണം മാറികഴിഞ്ഞാല്‍ പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് ഇളക്കുക. പച്ചമുളകാണ് ഇതില്‍ എരിവിനായി ചേര്‍ക്കുന്നത്, ആവശ്യത്തിന് ചേര്‍ക്കാം. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് ചെറിയ ഉള്ളിയും മറ്റും പാലുമായി യോജിച്ചു കഴിഞ്ഞാല്‍ അല്പം കാരറ്റ് ജ്യൂസ് ചേര്‍ക്കുക. വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുന്ന കാരറ്റ് ആണ് നല്ലത്. 

ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന റൈസ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. അതിനു ശേഷം തീ അണച്ച് അല്പനേരം മൂടി വയ്ക്കുക. ഒരു പാനില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, ചെറിയ ഉള്ളി, ഉഴുന്ന് പരിപ്പ് എന്നിവ ചേര്‍ത്ത് താളിക്കുക. ഇതിലേക്ക് തേങ്ങ ചിരവിയതു ചേര്‍ത്ത് അല്പം ഇളക്കുക. നന്നായി മൂക്കണമെന്നില്ല. പിന്നീട് കാരറ്റ് ഗ്രേറ്റ് ചെയ്തതും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ താളിപ്പ് മാറ്റി വച്ചിരിക്കുന്ന ചോറിലേക്ക് ഇട്ട് യോജിപ്പിച്ച ശേഷം ചൂടോടെ ഉപയോഗിക്കാം.

how to make carrot rice, carrot rice recipe for lunch box

RECOMMENDED FOR YOU: