കിഡ്‌നി സ്‌റ്റോണ്‍ ഒരു പരിധി വരെ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അല്പം ശ്രദ്ധിച്ചാല്‍ വരാതെ നോക്കാം. ഇപ്പോള്‍ ഈ രോഗം സര്‍വസാധാരണയായി മാറിക്കൊണ്ടിരിക്കുന്നു. വൃക്കയിലെ കല്ല് അല്ലെങ്കില്‍ യുറീനറി സ്‌റ്റോണ്‍ ഡിസീസ് , സഹിക്കാന്‍ കഴിയാത്ത വിധം കഠിനമായ വേദനയാണ് ഇതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നത്.
കല്ല് വൃക്കയില്‍ തന്നെ ഒതുങ്ങിയിരിക്കുമ്പോള്‍ പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല.അതിന്റെ വലിപ്പം കൂടുകയോ സ്ഥാനം മാറുകയോ ചെയ്യുന്നതിനനുസരിച്ച് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
കല്ല് വൃക്കയില്‍ നിന്നും ഇറങ്ങിവരുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്.ആദ്യകാലങ്ങളില്‍ വയറിന്റെ പിന്‍ഭാഗത്തായാണ് വേദന അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ തുടങ്ങുന്ന വേദന താഴോട്ട് വരികയും അടിവയറ്റില്‍ അനുഭവപ്പെടുകയും ചെയ്യും.ജനനേന്ദ്രിയത്തില്‍ വരെ വേദന അനുഭവപ്പെടാം.ഇടവേളകളിലായിട്ടായിരിക്കും വേദന അനുഭവപ്പെടുക.ചിലര്‍ക്ക് ഒക്കാനവും ഛര്‍ദ്ദിയും കാണാറുണ്ട്. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക,മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക എന്നിവയും ലക്ഷണമായി കാണാം.
മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയും അനുഭവപ്പെടാറുണ്ട്. ചിലരില്‍ മൂത്രത്തോടൊപ്പം രക്തവും വരാം. ഇതോടൊപ്പം അണുബാധ കൂടിയായാല്‍ പനിയും വിറയലും വരാം. വൃക്കയിലെ വലിയ കല്ലുകള്‍ മൂത്രഉല്പാദനത്തെ തടസ്സപ്പെടുത്തുന്നു. ഈ അവസ്ഥയില്‍ ഇടയ്ക്ക് പഴുപ്പും പ്രത്യക്ഷപ്പെടാം. നമ്മുടെ ശരീരത്തിലേക്കെത്തുന്ന കാല്‍സ്യത്തിന്റെ അളവ് കൂടുതലാവുന്നതും ഇതിന് കാരണമാവുന്നു. വെള്ളത്തിന്റെ കുറവും ഇതിന് കാരണമാവും.
ശരീരത്തിലെ വിസര്‍ജ്ജ്യ വസ്തുക്കളെ പുറന്തള്ളാനുള്ള അവയവമാണ് വൃക്ക.വൃക്കയിലൂടെ അരിച്ചു മാറ്റുന്ന മൂത്രത്തില്‍ ലവണങ്ങളുടെ അളവുകള്‍ കൂടുമ്പോള്‍ ക്രിസ്റ്റലുകള്‍ രൂപപ്പെടാം.ഇവ വൃക്കയിലെ സ്തരങ്ങളില്‍ പറ്റിപിടിച്ച് കല്ലുകള്‍ രൂപപ്പെടുന്നു.
കല്ലുവരാതെ സൂക്ഷിക്കാം
കിഡ്‌നി സ്റ്റോണ്‍ ഒരിക്കല്‍ വന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.കാല്‍സ്യം അധികമായുള്ള ഭക്ഷണത്തില്‍ നിയന്ത്രണം വേണം. മുള്ളോടു കൂടിയ ചെറു മത്സ്യങ്ങള്‍, മുട്ട,ബീഫ്,പാല്‍,പാലുല്പന്നങ്ങള്‍ എന്നിവ. ഇത്തരം ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണം വേണം എന്നു മാത്രം. ധാരാളം കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാലാണിത്.
ചീര,കാബേജ്, കോളിഫ്‌ലവര്‍, തക്കാളി, കത്തിരിക്ക, വെള്ളരിക്ക കൂണ്‍ എന്നിവയുടെ ഉപയോഗവും നിയന്ത്രിക്കണം. നെല്ലിക്ക, ജാതിക്ക എന്നിവയിലെല്ലാം ഓക്‌സലേറ്റ് കൂടുതലായതിനാല്‍ അമിതോപയോഗം നന്നല്ല. കറുത്ത മുന്തിരി, സപ്പോട്ട് എന്നിവയില്‍ യൂറിക് ആസിഡ് കൂടുതലായതിനാല്‍ ഇവയുടെ ഉപയോഗം കല്ല് രൂപപ്പെടാന്‍ കാരണമായേക്കാം. ഇത്തരം ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.