കിഴക്കിന്റെ വെനീസ് എന്ന് പേരുകേട്ട ആലപ്പുഴയിലേക്ക് ഒരു യാത്രയാവാം. കേരളത്തിലെ കായല്‍പരപ്പിന്റെ ഭംഗിയും കെട്ടുവള്ളത്തിലെ താമസവും വളരെ രസകരമാവും.ആലപ്പുഴയിലെത്തുന്നവര്‍ക്ക് കുട്ടനാട് സന്ദര്‍ശനവും എളുപ്പം സാധിക്കും. കായല്‍ മത്സ്യത്തിന്റെ രുചിയും നുണഞ്ഞ് ഹൗസ് ബോട്ടിലിരുന്ന് ഗ്രാമീണ ഭംഗി ആസ്വദിക്കാം.
ആലപ്പുഴയില്‍ എത്താന്‍ റോഡ്, റെയില്‍വെ, ജലഗതാഗതം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്.
ആലപ്പുഴയില്‍ നിന്നും കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലേക്കും തിരിച്ചും ബസ് സെര്‍വീസ് ഉണ്ട്. ദേശീയപാതയിലൂടെ കൊച്ചിയില്‍ നിന്നും രണ്ടു മണിക്കൂറും തിരുവനന്തപുരത്തുനിന്നും നാലു മണിക്കൂര്‍ കൊണ്ടും ആലപ്പുഴയിലെത്താം.കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് എസി റോഡ് മാര്‍ഗ്ഗം ഒന്നരമണിക്കൂര്‍ യാത്രയേയുള്ളൂ.
റെയില്‍ മാര്‍ഗ്ഗമാണെങ്കില്‍ കൊച്ചി, ഗുരുവായൂര്‍, തിരുവനന്തപുരം, ചെന്നൈ, ബൊക്കോറാം എന്നിവിടങ്ങളില്‍ നിന്നും ആലപ്പുഴ വഴി തീവണ്ടി സര്‍വീസ് ഉണ്ട്.
കോട്ടയം, ചങ്ങനാശ്ശേരി, കുമരകം എന്നിവിടങ്ങളില്‍ നിന്നും ജലമാര്‍ഗ്ഗവും ആലപ്പുഴയിലെത്താം. കോട്ടയത്തു നിന്നും രണ്ടരമണിക്കൂറും, ചങ്ങനാശ്ശേരിയില്‍ നിന്നും മൂന്നു മണിക്കൂറുമെടുക്കും. കുമരകത്തേക്ക് രണ്ടുമണിക്കൂര്‍ ദൂരമുണ്ട്.
ആലപ്പുഴയിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഹൗസ് ബോട്ട് സര്‍വീസ്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്നവയും നാലുപേര്‍ക്കുള്ളതും 25 പേര്‍ക്കുള്ളതുമായ ബോട്ടുകളുണ്ട്. എട്ടും നാലും സീറ്റുകള്‍ വീതമുള്ള സ്പീഡ് ബോട്ടുകളുമുണ്ട്.40 സീറ്റുവരെയുള്ള ആഡംബരബോട്ടുകളും 20 സീറ്റുള്ള സാധാരണ ബോട്ടും ആലപ്പുഴയിലുണ്ട്.
താമസത്തിന് ഹോട്ടലുകളും കായല്‍ റിസോര്‍ട്ടുകളുമാണ് പ്രധാനമായും ഉള്ളത്. യാത്ര, താമസം ,ബുക്കിംഗ് എന്നീ കാര്യങ്ങള്‍ അറിയാന്‍ ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള ഡിടിപിസി ഓഫീസില്‍ ബന്ധപ്പെടാം.ആലപ്പുഴ നിന്നും ബോട്ടില്‍ കുട്ടനാട്ടിലേക്ക് യാത്രയാവാം. ഒന്നരമണിക്കൂര്‍ യാത്രയാണുള്ളത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും മണ്ണാറശാല നാഗരാജക്ഷേത്രവും അര്‍ത്തുങ്കല്‍ പള്ളിയുമെല്ലാം ഇവിടടുത്താണ്.
ആലപ്പുഴയിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങള്‍
ആലപ്പുഴ ബീച്ച്, കൃഷ്ണപുരം കൊട്ടാരം, ചെട്ടികുളങ്ങര ദേവീ ക്ഷേത്രം, രവി കരുണകാരന്‍ മ്യൂസിയം, പുന്നപ്പാറ ബീച്ച്, കടല്‍പ്പാലം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, വേമ്പനാട്, ലൈറ്റ് ഹൗസ്, പാതിരാമണല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ആലപ്പുഴ ടൂറിസം വെബ്‌സൈറ്റ് കേരള ടൂറിസം വെബ്‌സൈറ്റ് എന്നിവ സന്ദര്‍ശിക്കാം.