ഫോണിലെ ഗൂഗിള്‍ മാപ്പ് മലയാളം മനസ്സിലാക്കുക മാത്രമല്ല, ഇനി മുതല്‍ ഡ്രൈവിംഗ് നിര്‍ദ്ദേശങ്ങള്‍ മലയാളത്തില്‍ തരികയും ചെയ്യും. ഗൂഗിള്‍ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
മാര്‍ച്ച് 12ന് ഗൂഗിള്‍ പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ പുതിയ ഫീച്ചറിനെ പറ്റി പറഞ്ഞു. പുതിയതായി ബംഗാളി, ഗുജറാത്തി, കന്നഡ, തെലുഗു, തമിഴ്, മലയാളം ഭാഷകളില്‍ ഡ്രൈവിംഗ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു.
ഗൂഗിളിന്റെ ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ പുതിയ സൗകര്യം ലഭ്യമാകും. ചെയ്യേണ്ടത് ഇത്രമാത്രം, മാപ്പിന്റെ നാവിഗേഷന്‍ സെറ്റിംഗ്‌സില്‍ ഭാഷ മലയാളം എന്നാക്കി മാറ്റണം.
200മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ടു തിരിയുക, 50മീറ്റര്‍ കഴിയുമ്പോള്‍ യുടേണ്‍ എടുക്കുക, തുടങ്ങിയവയും ജിപിഎസ് കണക്ഷന്‍ നഷ്ടമായ അവസരത്തിലുള്ള മുന്നറിയിപ്പു നിര്‍ദ്ദേശങ്ങളും ഗൂഗിള്‍ മാപ്പ് തരും.
അടുത്തിടെ ഗൂഗിള്‍ മാപ്പ്, സ്ഥലപ്പേരുകള്‍ മലയാളത്തിലും നല്‍കികൊണ്ട് പരിഷ്‌കരിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവര്‍ക്കും അല്ലെങ്കില്‍ തീരെ അറിയാത്തവര്‍ക്കും പുതിയ അപ്‌ഡേറ്റ് വളരെ സഹായകരമാവും എന്ന് തീര്‍ച്ച.
വോയ്‌സ് നാവിഗേഷന്‍ കൂടാതെ ഇന്ത്യന്‍ അഡ്രസ്സുകള്‍ കണ്ടുപിടിക്കുന്നതിനായുള്ള സംവിധാനങ്ങളും ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്.