മുംബൈ : റിലയൻസ് ജിയോ 4ജി ഫീച്ചർ ഫോൺ പുറത്തിറക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി. വെള്ളിയാഴ്ച നടന്ന റിലയൻസ് ജിയോയുടെ വാർഷിക പൊതുയോഗത്തിലാണ് ഫീച്ചർ ഫോൺ പുറത്തിറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുന്നത്. ഇന്ത്യയുടെ സ്മാർട്ട് ഫോൺ എന്ന പേരിൽ പുറത്തിറക്കുന്ന ഫോൺ സൗജന്യമായാണ് നൽകുന്നതെന്നാണ് മറ്റൊരു പ്രത്യേകത. എന്നാൽ തിരിച്ചു നൽകുന്ന ഡെപ്പോസിറ്റായി ഫോണിന് 1500 രൂപ നൽകണമെന്ന് മാത്രമാണ് നിബന്ധന. ഫോണിനുള്ള ബുക്കിംഗ് ഓഗസ്റ്റ് 24ന് ആരംഭിക്കും.
ബുക്ക് ചെയ്യുന്ന ക്രമത്തിലായിരിക്കും ഫോൺ വിതരണം ആരംഭിക്കുക. 36 മാസത്തെ ഉപയോഗത്തിന് ശേഷം സെക്യൂരിറ്റിയായി നിക്ഷേപിച്ച തുക ഉപയോക്താക്കൾക്ക് തിരിച്ചുനൽകും. പ്രതിദിനം 500 എംബി ഡാറ്റയാണ് ലഭിക്കുക. ഇതിനെല്ലാം പുറമേ ഫോണിനൊപ്പം ജിയോ ധൻ ധനാ ധൻ ഓഫർ പ്രകാരം പ്രതിമാസം വെറും 153 രൂപാ റീച്ചാർജ്ജിൽ അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോൾ, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി.
2016 സെപ്തംബറിൽ സേവനമാരംഭിച്ച റിലയൻസ് ജിയോയുടെ സേവനം ഇതുവരെയും 4ജി ഉപയോക്താക്കൾക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇതിനൊപ്പം രണ്ട് 24 രൂപ, 54 രൂപ എന്നീ നിരക്കുകളിൽ രണ്ട് പുതിയ പ്ലാനുകളും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി രണ്ട് ദിവസവും 54 രൂപയുടേത് ഒരാഴ്ചയുമാണ്. ഇതിന് പുറമേ വോൾട്ട് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഫോണുടമകൾക്കും മാത്രമാണ് ജിയോ സേവനം ആസ്വദിക്കാൻ കഴിഞ്ഞിരുന്നത്, സാധാരണ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചടിയായിരുന്നു. എന്നാൽ റിലയൻസ് ജിയോ ഫീച്ചർ ഫോൺ സൗജന്യമായി പുറത്തിറക്കുന്നതോടെ ഈ പ്രശ്നത്തിന് എക്കാലത്തേയ്ക്കും പരിഹാരമായി. വോൾട്ട് സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്ന 4ജി ഫോണാണ് ജിയോ പുറത്തിറക്കുന്നത്. ഫീച്ചർ ഫോൺ കേബിൾ ടിവിയിൽ കണക്ട് ചെയ്ത് ടിവി പരിപാടികൾ കാണുന്നതിനുള്ള സൗകര്യവും ഉണ്ടാിയിരിക്കും. ആഗസ്ത് 15 മുതൽ ഫോണിന്റെ ബീറ്റാ പതിപ്പിന്റെ പ്രീ ബുക്കിംഗ് ആരംഭിക്കും. മൈ ജിയോ ആപ്പ്, ജിയോ ഓഫ് ലൈൻ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഫോൺ ബുക്ക് ചെയ്യാൻ സാധിക്കും. ജിയോ സിനിമ, ജിയോ ടിവി, ജിയോ മ്യൂസിക് എന്നീ ആപ്പുകളും ഫോണിലുണ്ടായിരിക്കും.