ആരോഗ്യപൂര്‍ണ്ണമായ ജീവിതം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും തിരക്കാണ്. തിരക്ക് അല്പം മാറ്റി വച്ച് ദിവസവും വ്യായാമത്തിന് ഒരല്പം സമയം കണ്ടെത്താം. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വ്യായാമം ശീലമാക്കാം. നടത്തം, യോഗ, നൃത്തം, ജിം എങ്ങനെയായാലും മതി. നടത്തം തിരഞ്ഞെടുക്കുന്നവര്‍ അല്പം കാര്യങ്ങള്‍ ശ്രദ്ധിക്കാം,
നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് വ്യായാമം എന്നത്. ഇഷ്ടമുള്ള വ്യായാമം ചെയ്യുമ്പോള്‍ ശരീരവും ഒപ്പം മനസ്സും സന്തോഷകരമാവും. വ്യായാമം എന്നത് ചെയ്യേണ്ടെ എന്നുകരുതി ചെയ്യുന്ന ഒന്നാവരുത്. ഉദാഹരണത്തിന് നടക്കുന്നതിന് മുമ്പ് തന്നെ എത്ര സമയം നടക്കാമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ടാവരരുത് നടക്കാന്‍.
നടക്കുന്നതുകൊണ്ടുള്ള ഗുണമുള്ള കാര്യങ്ങള്‍, അല്ലെങ്കില്‍ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ എന്നിവ ചിന്തിച്ചുകൊണ്ടാവാം നടത്തം. മൊബൈലില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതും ഇയര്‍ഫോണില്‍ പാട്ടുകേട്ടു നടക്കുന്നതുമെല്ലാം ഗുണത്തേക്കാളേറെ ദോഷകരമാവും എന്നതാണ് സത്യം. |
നമ്മുടെ ശരീരഘടനയ്ക്കനുസരിച്ച് വേണം നടത്തത്തിന്റെ വേഗത നിശ്ചയിക്കേണ്ടത്. കഴിയുന്നതും കൈകള്‍ വീശി വേഗത്തില്‍ നടക്കാം. നടത്തം കഴിഞ്ഞ് ശരീരത്തിന്റെ ക്ഷീണം മാറ്റാനായി അല്പം വ്യായാമം ചെയ്യാം. കൈകാലുകള്‍ തളര്‍ത്തിയിട്ട് പതുക്കെ ചുഴറ്റുന്നതും, ഇരുന്ന് എഴുന്നേല്‍ക്കുന്നതുമെല്ലാം നല്ലതാണ്.