സെലിബ്രിറ്റികളുടെ മിനുസമാര്‍ന്ന ചര്‍മ്മം കൊതിക്കാത്തവരുണ്ടാവില്ല. എങ്ങനെയാണ് അവര്‍ ചര്‍മ്മം ഇത്രയും സുന്ദരമാക്കി സൂക്ഷിക്കുന്നതെന്നറിയാം. ഇതിനുപിന്നിലെ ഏറ്റവും പ്രധാനഘടകം മറ്റൊന്നുമല്ല, വിറ്റാമിന്‍ ഇ തന്നെയാണ്.
ചര്‍മ്മത്തിനു മാത്രമല്ല വിറ്റാമിന്‍ ഇ ഗുണകരം, മുടിയ്ക്കും ശരീരത്തിനും ഗുണം ചെയ്യുന്നു. എന്തെല്ലാം ഗുണങ്ങളാണ് ഈ വിറ്റാമിനെന്ന് നോക്കാം.
നീണ്ടതും ഇടതൂര്‍ന്നതുമായ മുടിക്ക്
മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വിറ്റാമിന്‍ ഇ വളരെ ഗുണം ചെയ്യും. ട്രോപികല്‍ ലൈഫ് സയന്‍സസ് റിസര്‍ച്ച് എന്ന ജേര്‍ണലില്‍ വന്ന പഠനമനുസരിച്ച്, മുടി വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ടോകോട്രിനോള്‍ വിറ്റാമിന്‍ ഇയിലടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിച്ച് തലയോട്ട് മസാജ് ചെയ്ത ശേഷം ആവി കൊള്ളിക്കുന്നത് നല്ല ഫലം നല്‍കും.
മിനുസമാര്‍ന്ന ചര്‍മ്മത്തിന്
മിക്ക ബോളിവുഡ് താരങ്ങളും വിറ്റാമിന്‍ ഇയെ നൈറ്റ് സെറം ആയി ഉപയോഗിക്കുന്നു. ആന്റി ഓക്‌സിഡന്റായതിനാല് ചര്‍മ്മത്തെ റിപ്പയര്‍ ചെയ്യുന്നു. മിക്ക ക്രീമുകളിലും മറ്റും വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ടെങ്കിലും ന്യൂട്രിയന്റ് വളരെ കുറഞ്ഞ അളവിലേയുണ്ടാവൂ. നല്ല റിസല്‍ട്ടിനായി ശുദ്ധമായ വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിക്കാം.
ഹൃദയാരോഗ്യത്തിന്
നമ്മുടെ ജീവിതരീതിയനുസരിച്ച് , പല വിധത്തിലുളള ആരോഗ്യപ്രശ്‌നങ്ങളും നമ്മള്‍ തന്നെ വരുത്തിവയ്ക്കുന്ന കാലമാണ്. ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ വരുന്നതാണ് കാര്‍ഡിയോ വാസ്‌കുലാര്‍ അസുഖങ്ങള്‍.
എന്നാല്‍ വിറ്റാമിന്‍ ഇ ആവശ്യമായ അളവില്‍ ദിവസവും ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് ജനറല്‍ ഇന്റേര്‍ണല്‍ മെഡിസിന്‍ ജേര്‍ണലില്‍ വന്ന പഠനങ്ങള്‍ പറയുന്നു. സണ്‍ഫ്‌ളവര്‍ വിത്തുകള്‍, വെജിറ്റബിള്‍ ഓയിലുകള്‍, നട്‌സ്, എന്നിവ വിറ്റാമിന്‍ ഇ ശരീരത്തിലേക്കെത്തിക്കാന്‍ സഹായിക്കും.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന്
നല്ല പ്രതിരോധശേഷി എന്നത് ഇക്കാലത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ന്യൂട്രിയന്റ് ക്ലെയിംസ് എന്ന ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് വിറ്റാമിന്‍ ഇ പകര്‍ച്ചവ്യാധികളായ അസുഖങ്ങളെ പ്രതിരോധിക്കാന്‍ നല്ലതാണെന്നാണ്.
കണ്ണുകള്‍ക്ക്
ഇക്കാലത്ത് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ നീലവെളിച്ചത്തിനുമുമ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നവരാണ്. ലാപ്‌ടോപ്പ്, മൊബൈല്‍ സ്‌ക്രീന്‍ തുടങ്ങിയവയുടെ ഉപയോഗം കണ്ണുകളുടെ പേശികളെ തളര്‍ത്തുന്നു. വിറ്റാമിന്‍ ഇ യുടെ ഉപയോഗം ഇത്തരം അവസ്ഥയെയും ഒഴിവാക്കാന്‍ സഹായകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മുഖക്കുരു പ്രശ്‌നത്തിനും പരിഹാരമാണ്
വിറ്റാമിന്‍ ഇ മുഖക്കുരുവിനെയും പ്രതിരോധിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ ഇ പിഗ്മെന്റേഷനേയും അകറ്റി നിര്‍ത്തുന്നു.
ചുണ്ടുകള്‍ക്കും നഖങ്ങള്‍ക്കും
ചുണ്ടിലുണ്ടാകുന്ന വിള്ളലുകളും മറ്റും ഒഴിവാക്കാന്‍ വിറ്റാമിന്‍ ഇയെ കൂട്ടുകാരനാക്കാം. ദിവസവും രാത്രി ചുണ്ടുകള്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്ന ഓയിലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യാം. നഖങ്ങള്‍ മുറിയുക കളര്‍വ്യത്യാസം എന്നിവയ്ക്ക് പരിഹാരമായി വിറ്റാമിന്‍ ഇ ഉപയോഗപ്പെടുത്താം.
വെജിറ്റബിള്‍ ഓയിലുകള്‍, നട്‌സ്(ബദാം, നിലക്കടല), സണ്‍ഫ്‌ളവര്‍ വിത്തുകള്‍, പച്ചനിറത്തിലുള്ള വെജിറ്റബിളുകള്‍(സ്പിനാഷ്, ബ്രോക്കോളി), സപ്പോട്ട, അറ്റ്‌ലാന്റിക് സാല്‍മണ്‍ ഫിഷ്, അവോക്കാഡോ, മാങ്ങ, കിവി ഫ്രൂട്ട് എന്നിവയെല്ലാം വിറ്റാമിന്‍ ഇ സമ്പുഷ്ടമാണ്. ഇവയിലേതെങ്കിലുമെല്ലാം ഭക്ഷണത്തില്‍ നിത്യേന ഉപയോഗപ്പെടുത്താവുന്നതാണ്.