വേനല്‍ക്കാലം കടുത്തു തുടങ്ങി. ചൂടിനൊപ്പം ശുദ്ധജലത്തിന്റെ ക്ഷാമവും അന്തരീക്ഷമലിനീകരണവും മറ്റും പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാനും കാരണമാകുന്നു. വേനല്‍ക്കാലരോഗങ്ങള്‍ വരാതെ തടയുക എന്നതാണ് ഏറ്റവും ഫലപ്രദമായ കാര്യം.
വയറിളക്കം : വേനല്‍ക്കാലത്ത് ഏറ്റവുമധികം ബാധിക്കുന്ന ഒരസുഖമാണിത്. ശുദ്ധജലക്ഷാമമാണ് പ്രധാന കാരണമാകുന്നത്. വേനല്‍ കനക്കുന്നതോടെ പലയിടത്തും വെള്ളത്തിനായി ടാങ്കര്‍ ലോറികളിലെ വെള്ളത്തിനെയാണ് ആശ്രയിക്കുന്നത്. ഇങ്ങനെ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുക പ്രയാസകരമാണ്. ഇത് വയറിളക്കവും മറ്റും വ്യാപിക്കാന്‍ കാരണമാക്കുന്നു.
ചിക്കന്‍പോക്‌സ് : വേനലില്‍ പടര്‍ന്നു പിടിക്കുന്ന ഒരു രോഗമാണ് ഇത്. കടുത്ത പനിയും ശരീരവേദനയുമാണ് ലക്ഷണങ്ങള്‍.പനിയോടൊപ്പം ശരീരമാസകലം കുമിളകള്‍ പൊങ്ങുകയും ചെയ്യും. എളുപ്പം പടര്‍ന്നു പിടിക്കുന്ന രോഗമായതിനാല്‍ പരസ്പരം അടുത്ത് ഇടപഴകുന്നവര്‍ക്ക് പകരാന്‍ സാധ്യതയേറെയാണ്.
ഈ അസുഖമുള്ളവരുമായി അടുത്തിടപെടാതിരിക്കുക എന്നതാണ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള വഴി.
ചെങ്കണ്ണ് :ഒരു തരം വൈറസുകള്‍ ഉണ്ടാക്കുന്ന ഈ രോഗം വേനല്‍ക്കാലം തുടങ്ങുന്നതോടെ വ്യാപകമാകുന്നു. കണ്ണുകള്‍ കടും ചുവപ്പു നിറത്തിലാകുകയും വേദനയും ചൊറിച്ചിലും ആണ് പ്രധാന ലക്ഷണം. കണ്ണിന് ചുറ്റും വീങ്ങുകയും കണ്ണില്‍ പീള അടിഞ്ഞ് തുറക്കാന്‍ വയ്യാത്ത അവസ്ഥയുമുണ്ടാകും. കണ്ണിന് പൂര്‍ണ്ണവിശ്രമം നല്‍കുക എന്നതാണ് മികച്ച ചികിത്സ.
മൂത്രക്കല്ല് : വേനല്‍ക്കാലമെത്തുന്നതോടെ വ്യാപകമായി കേള്‍ക്കുന്ന അസുഖമാണ് മൂത്രക്കല്ല്. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുകയും, ശരീരത്തില്‍ ഉള്ള ജലം വിയര്‍പ്പായി നഷ്ടപ്പെടുകയും ചെയ്യുന്നതു ഈ രോഗസാധ്യതയ്ക്ക് ആക്കം കൂട്ടുന്നു.
വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യവശ്യമാണ്.
കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കാം...
മൂത്രാശയ രോഗങ്ങള്‍: ശരീരത്തിലെ ജലാംശം വലിയ തോതില്‍ കുറയുമ്പോഴാണ് മൂത്രാശയ രോഗങ്ങളുണ്ടാവുന്നത്. ജലാംശത്തിന്റെ നഷ്ടം കാരണം മൂത്രത്തിന്റെ അളവ് കുറയുകയും
മൂത്രനാളിയില്‍ അണുബാധയുണ്ടാകുകയും ചെയ്യുന്നതാണ് സാധാരണ കണ്ടുവരുന്ന രോഗം.
വേദനയോടെ ഇടക്കിടെ മൂത്രമൊഴിക്കല്‍, വിറയലോടുകൂടിയ കടുത്ത പനി, ശരീരവേദ എന്നിവക്ക് പുറമെ മൂത്രത്തിന് നിറവ്യത്യാസവും രക്തംകലര്‍ന്ന മൂത്രവും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍
വിയര്‍പ്പുകുരു: വിയര്‍പ്പ് കുരു അഥവാ ചൂടുകുരു ആണ് വേനലില്‍ വില്ലനാവുന്ന മറ്റൊരു രോഗം.
ചൊറിച്ചിലും നീറ്റലും വേദനയും ഉണ്ടാവും. ചെറിയ കുഞ്ഞുങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പ്രത്യേക ചികിത്സയില്ലാതെതന്നെ ഇത് മാറുന്നതാണ്.
വേനല്‍ക്കാല രോഗങ്ങള്‍ ഏറെയും ശ്രദ്ധിച്ചാല്‍ വേഗത്തില്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
കുടിവെള്ളമാണ് രോഗങ്ങളുടെ പ്രഭവകേന്ദ്രം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുന്നത് പല രോഗങ്ങളെയും തടയാന്‍ സഹായിക്കും. കുടലിലെ അണുബാധയാണ് വയറിളക്കത്തിന് കാരണമാകുന്നത്. തുടക്കത്തില്‍തന്നെ ചികിത്സതേടുന്നതാണ് ഗുണകരം. അല്ലാത്തപക്ഷം ശരീരത്തിലെ ജലാംശവും സോഡിയവും നഷ്ടപ്പെട്ട് രോഗം മാരകമാകുന്നതിന് കാരണമാകുന്നു.
ഒരുദിവസം കുറഞ്ഞത് പത്തുഗ്‌ളാസ് വെള്ളമെങ്കിലും കുടിക്കണം. സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ടടിക്കുന്ന ജോലികള്‍ ഒഴിവാക്കുക.
ദിവസവും രണ്ടുനേരമെങ്കിലും കുളിക്കുക, ശുദ്ധിയുള്ള ആഹാരം കഴിക്കുക, വെയിലത്ത് നടക്കുമ്പോള്‍ പരമാവധി കുട ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങളെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു.