പ്രമേഹരോഗികള്‍ക്ക് പഞ്ചസാര എന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. എന്നാല്‍ പഞ്ചസാരയെ അതിര്‍ത്തി കടത്തുമ്പോള്‍ പല പാരമ്പര്യമരുന്നുകളുടേയും കൂട്ടായ തീര്‍ത്തും ആരോഗ്യപ്രദമായ ശര്‍ക്കരയെ പകരക്കാരനാക്കാറുണ്ട് പലരും. ശരിക്കും ശര്‍ക്കര പ്രമേഹരോഗികള്‍ ഉപയോഗിക്കാമോ? ശര്‍ക്കര ബ്ലഡ് ഷുഗര്‍ ലെവല്‍ ഉയര്‍ത്താതെ തുലനം ചെയ്തു നിര്‍ത്തുമോ?
ശര്‍ക്കര, എന്നത് മധുരത്തിന്റെ നാടന്‍രൂപമാണെന്ന് പറയാം. ഇന്ത്യയിലാണ് ഇതിന്റെ ഉത്ഭവം. ശുദ്ധീകരിച്ച കരിമ്പിന്‍ ജ്യൂസ് തിളപ്പിച്ചെടുക്കുന്ന കട്ടിയുള്ള വസ്തുവാണ് ശര്‍ക്കര. വെളുത്ത പഞ്ചസാര പോലെ ശുദ്ധീകരിക്കുന്നില്ല എന്നതാണ് ഗുണകരം. ആയതിനാല്‍ ശര്‍ക്കരയില്‍ ധാരാളം അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ന്യൂട്രിയന്‍സ് അടങ്ങിയിരിക്കുന്നു. ശര്‍ക്കരയ്ക്ക് പ്രൊസസിംഗ് കുറവായതിനാലും കൂടുതല്‍ ബ്രൗണ്‍ നിറമുളളതിനാലും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ബ്രൗണ്‍ അരി വെളുത്ത അരിയേക്കാള്‍ ഗുണകരമാണെന്നും, വീറ്റ് ബ്രഡ് വൈറ്റ് ബ്രഡിനേക്കാളും നല്ലതാണെന്നും പറയും പോലെ. ബ്ലഡ് പ്രഷറുമായും ഓക്‌സിഡേറ്റിവ് സ്‌ട്രെസ്സിനോടുമെല്ലാം പൊരുതാനുള്ള കഴിവു വച്ചു നോക്കുമ്പോള്‍ ശര്‍ക്കര നല്ലതുതന്നെയാണ്. എന്നാല്‍ ഡയബറ്റിക് ആയിട്ടുള്ളവര്‍ക്ക് ഉപയോഗിക്കാം എന്നു അവകാശപ്പെടാനാവില്ല.ഇതിലും ഷുഗര്‍ തന്നെയാണ് അടിസ്ഥാനം.
ശര്‍ക്കര പ്രമേഹരോഗികള്‍ക്കും അരുത് : ശര്‍ക്കരയിലും ഷുഗര്‍ അടങ്ങിയിരിക്കുന്നു, കൂടുതലായി
ശര്‍ക്കര ന്യൂട്രിയന്റ് റിച്ച് മധുരം ആണെന്ന് പറയുമ്പോഴും ഡയബറ്റിക് ആയിട്ടുള്ളവര്‍ക്ക് ശര്‍ക്കരയിലെ ന്യൂട്രിയന്റ്‌സ് ഗുണം ചെയ്യില്ല.ആത്യന്തികമായി പറഞ്ഞാല്‍ ശര്‍ക്കരയിലും മധുരം തന്നെയാണ്. 65 മുതല്‍ 85 ശതമാനം വരെ സുക്രോസ് അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ അതിനെ മിനറല്‍ , ഫൈബര്‍ കണ്ടന്റെല്ലാം ഡയബറ്റിക്‌സ് രോഗികള്‍ മറക്കുന്നതാണ് നല്ലത്.
ശര്‍ക്കര രക്തത്തിലെ പഞ്ചസാര കൂട്ടുന്നു
ശുദ്ധമായ ഗ്ലൂക്കോസ് പോലെ തന്നെ ശര്‍ക്കരയും രക്തത്തിലെ പഞ്ചസാര നിലയെ ബാധിക്കുന്നു. ഇന്‍സുലിന്‍ ഉപയോഗിക്കാത്ത പ്രമേഹരോഗികളില്‍ വിവിധ മധുരം എങ്ങനെ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുന്നു എന്ന പഠനത്തില്‍ ശര്‍ക്കര രണ്ടാം സ്ഥാനത്താണുള്ളത്. ഗ്ലൂക്കോസ്, ശര്‍ക്കര, തേന്‍, സുക്രോസ് എന്നിങ്ങനെ. ഗ്ലൂക്കോസിന്റെ ഒരു മണിക്കൂറിലെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് എന്നത് 100 ആവുമ്പോള്‍ ശര്‍ക്കരയുടേത് 84.4 ആണ്. തേനും സുക്രോസും 70.
ആയുര്‍വേദവും പ്രമേഹരോഗികള്‍ക്ക് ശര്‍ക്കര നിഷേധിക്കുന്നു
ആയുര്‍വേദപ്രകാരം ശര്‍ക്കര പല അസുഖങ്ങള്‍ക്കുള്ള മരുന്നുകളിലും അടങ്ങിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായവ, തൊണ്ടവേദന, ആസ്തമ, മൈഗ്രേന്‍ എന്നിവയ്‌ക്കെല്ലാമുള്ള മരുന്നുകളില്‍. എന്നാല്‍ ആയുര്‍വേദം പോലും പ്രമേഹരോഗികള്‍ ശര്‍ക്കര ഉപയോഗിക്കരുത് എന്നാണ് നിര്‍ദ്ദേശിക്കുന്നത്.
പഴങ്ങള്‍ : മധുരമാണെങ്കിലും പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാം.
വല്ലാതെ മധുരം ഉപയോഗിക്കാന്‍ തോന്നുമ്പോള്‍ പ്രമേഹരോഗികള്‍ക്ക് പഴങ്ങള്‍ നല്‍കാം. തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നു മാത്രം. ഷുഗര്‍ കുറവുള്ളവ തിരഞ്ഞെടുക്കാം.ചെറിയ കഷ്ണം പിയര്‍ അല്ലെങ്കില്‍ ആപ്പിള്‍ നല്ലതാണ്. അല്ലെങ്കില്‍ ഒരു പിടി മുന്തിരിയോ ഒരു വാഴപ്പഴമോ ആകാം.