കുഞ്ഞുങ്ങള്‍ക്ക് ഉള്ള ഏറ്റവും നല്ല ആഹാരമാണ് മുലപ്പാല്‍. അമ്മിഞ്ഞപ്പാല്‍ അമൃതിനു തുല്യം എന്നാണ് പറയുന്നത്. കുഞ്ഞിന് ആദ്യ ആറുമാസത്തില്‍ വേണ്ടുന്ന എല്ലാ വിറ്റാമിനുകളും, പോഷകഘടകങ്ങളും മുലപ്പാലിലടങ്ങിയിരിക്കുന്നു. കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനാവശ്യമായ കാര്യങ്ങളും ഇതിലുണ്ട്. കുട്ടി ജനിച്ചയുടനെ അല്‍പം മഞ്ഞ നിറത്തിലുള്ള കൊളസ്ട്രം ആണ് ലഭിക്കുക. കുട്ടിയുടെ രോഗപ്രതിരോധ ശേഷിക്കു സഹായമാകുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങളും പോഷകങ്ങളും ഇതിലൂടെ കുഞ്ഞിന് ലഭിക്കും. ആദ്യമണിക്കൂറില്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
ആറുമാസം വരെയെങ്കിലും നിര്‍ബന്ധമായും മുലയൂട്ടേണ്ടത് അത്യാവശ്യമാണ്. മുലപ്പാല്‍ കുഞ്ഞിന് ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണമായതിനാല്‍ കുഞ്ഞിന് ദഹനപ്രശ്‌നങ്ങളും ഛര്‍ദ്ദി,വയറ് സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. അലര്‍ജി, ഡയബറ്റിസ്, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കുന്നു. മുലപ്പാല്‍ കുടിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ ഐക്യു കൂടുതലുള്ളവരായിരിക്കും.
മുലയൂട്ടുന്നത് അമ്മമാര്‍ക്കും ഏറെ ഗുണകരമാണ്. ഗര്‍ഭാശയ ,സ്തനാര്‍ബുദ സാധ്യതകളെ മുലയൂട്ടല്‍ കുറയ്ക്കും. അമിതവണ്ണം, ടൈപ്പ 2 ഡയബറ്റിസ്,ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, എന്നിവ ഒഴിവാക്കാനും മുലയൂട്ടുന്നത് സഹായിക്കും.അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികബന്ധം ദൃഡമാകുന്നതിനും മുലയൂട്ടല്‍ സഹായിക്കുന്നു. പ്രസവാനന്തരം ഗര്‍ഭപാത്രം പഴയ അവസ്ഥയിലേക്ക് വേഗത്തില്‍ ചുരുങ്ങുന്നതിനും മുലയൂട്ടല്‍ സഹായിക്കും.