പറഞ്ഞ് തീർക്കാവുന്നതിലധികം ഗുണങ്ങളുണ്ട് നമ്മുടെ ഈ കുഞ്ഞൻ പഴത്തിന്. പണ്ട് കാലങ്ങളിൽ വിശാലമായ തൊടികളിൽ മറ്റ് ചെടികൾക്കൊപ്പം മൾബറിയും തഴച്ച് വളർന്നിരുന്നു, പ്രായഭേദമന്യേ എല്ലാവരും ഇഷ്ട്ടപ്പെട്ടിരുന്ന മൾബറി ചെടികളും തൊടികൾ അപ്രത്യക്ഷമായതോടെ കുറഞ്ഞിരിക്കുന്നു.
കാണാൻചന്തമുള്ള, അതിലേറെ കൗതുകം തോന്നുന്ന മൾബറി പഴത്തിന്റെ ഗുണഗണങ്ങൾ ഏറെയുണ്ട്. അനേകം പോഷക ഘടകങ്ങളാൽ സമ്പുഷ്ടമാണ് മൾബറി. ഫൈറ്റോന്യൂട്രിയന്റുകള്‍, ഫ്‌ളെവനോയ്ഡുകള്‍, കരോട്ടിനോയ്ഡുകള്‍ എന്നിവ അടങ്ങിയ മള്‍ബറി അഴകിനോടൊപ്പം ആരോഗ്യവും പ്രധാനം ചെയ്യുന്നു.രക്ത ചംക്രമണത്തെയും ഹൃദയാരോഗ്യത്തെയും കാത്തു സൂക്ഷിച്ച് നമ്മെ ആരോഗ്യമുള്ളവരാക്കി തീർക്കാനും മൾബറിക്ക് കഴിയും.
മൾബറി ദഹനവ്യവസ്ഥയെ കൂടുതൽ ആരോഗ്യമുള്ളതാക്കും കൂടാതെ രക്തംകട്ടപിടിക്കുന്നത് തടയുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു . ഇവയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച പരിഹരിക്കാന്‍ ഏറെ സഹായകമാണ്. മള്‍ബറിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
മൾബറിയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ഫ്രീറാഡിക്കലുകളോട് പൊരുതുകയും രോഗപ്രതിരോധ സംവിധാനം വർധിപ്പിക്കുകയും ചെയ്യുന്നു. മള്‍ബറിയിലെ ജീവകം കെയും കാല്‍സ്യവും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നാരുകളും ജലാംശവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണം തടയാന്‍ ഇവ സഹായിക്കും.
മൾബറിയുടെ പഴങ്ങൾ കഴിച്ചാണ് നമ്മളിൽ പലർക്കും ശീലം , എന്നാല്‍ പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് മള്‍ബറി ഇലകളെന്ന് ചുരുക്കം പേർക്കെ അറിയുകയുള്ളൂ. ചെറുകുടലിലുള്ള ഗ്ലൂക്കോസിഡേസിനെ നിയന്ത്രിക്കാന്‍ ഇത്തരം മള്‍ബറി ഇലകള്‍ക്കാവും. ഇങ്ങനെ നോക്കിയാൽ പറഞ്ഞാലും തീരാത്ത വിശേഷങ്ങളുടെ കലവറയാണ് ഈ കുഞ്ഞൻ മൾബറി ചെടി.