സൗന്ദര്യപ്രശ്‌നങ്ങള്‍ വല്ലാതെ അലട്ടുന്ന ഒരു കാലമാണ് മഞ്ഞുകാലം. മഞ്ഞുകാലത്ത് ത്വക്കിന്റെ എണ്ണമയം നിലനിര്‍ത്തുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതിനാലാണിത്. എണ്ണ തേച്ചുകുളിക്കുക എന്നതാണ് ഇതിനെ തടഞ്ഞുനിര്‍ത്താനുള്ള ഫലവത്തായ മാര്‍ഗ്ഗം.
എള്ളെണ്ണയോ ഒലിവെണ്ണയോ ഉപയോഗിക്കാം. ഇവയെല്ലാം ശരീരത്തിന്റെ ചൂടും മിനുമിനുപ്പും നിലനിര്‍ത്തും. എണ്ണ തേച്ചു പിടിപ്പിച്ചു പത്തുമിനിറ്റിന് ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കുളിക്കാം. ചൂടുകൂടുതലുള്ള വെള്ളത്തില്‍ കുളിക്കുന്നതു നന്നല്ല, ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും.
മഞ്ഞുകാലത്ത് സോപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. സോപ്പ് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുന്നു. സോപ്പിന് പകരം കടലപ്പൊടിയോ ചെറുപയര്‍ പൊടിയോ ഉപയോഗിക്കാം. കുളി കഴിഞ്ഞ ഉടനെ മോയ്ചറൈസറുകള്‍ ഉപയോഗിക്കാം. നനഞ്ഞിരിക്കുമ്പോഴാണ് ചര്‍മ്മം ഇവയെ നന്നായി വലിച്ചെടുക്കുക.
മഞ്ഞുകാലമാണെങ്കിലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുന്നതിനൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നു. തണുപ്പുകാലമാണെങ്കിലും തലമുടി കഴുകാന്‍ ചൂടുവെള്ളമുപയോഗിക്കരുത്. മുടിയില്‍ ആവി കൊള്ളിക്കുന്നത് ഏതുകാലത്തും വളരെ നല്ലതാണ്.
കാലുകള്‍ വിണ്ടുകീറുന്നതാണ് തണുപ്പുകാലത്തെ മറ്റൊരു പ്രധാന പ്രശ്‌നം. വിണ്ടുകീറുന്നതു തടയാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം. കായവും കടുകെണ്ണയും ചേര്‍ന്ന മിശ്രിതം ഉറങ്ങുന്നതിനു മുമ്പായി വിണ്ടുകീറിയ ഭാഗത്ത് തേച്ചു പിടിപ്പിക്കുക. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതവും ഉപയോഗിക്കാം. 15 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ കാലിന്റെ വിണ്ടുകീറല്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാവും.