നിവിന്‍ പോളി രാജീവ് രവി എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് തുറമുഖം. പേര് സൂചിപ്പിക്കും പോലെ തുറമുഖവും അവിടുത്തെ ജനങ്ങളുമാണ് സിനിമയില്‍. 1950കളുടെ തുടക്കത്തിലെ കൊച്ചി തുറമുഖമാണ് സിനിമയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ ജീവിതസംഭവങ്ങളാണ് സിനിമയില്‍.
നിമിഷ സജയന്‍ ചിത്രത്തില്‍ നായികയായെത്തുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഈട, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ സാന്നിധ്യം അറിയിച്ച താരമാണ് നിമിഷ. തുറമുഖത്തിലേതും പ്രാധാന്യമേറെയുള്ള കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമാറ്റോഗ്രാഫിക്ക് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള രാജീവ് രവി, മുമ്പ് അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മൂന്നു സിനിമകളും സാധാരണക്കാരുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നവയായിരുന്നു. തുറമുഖവും അത്തരത്തിലുള്ള ഒന്നാകുമെന്നാണ് അറിയുന്നത്.
തുറമുഖം എന്ന പേരില്‍ മുമ്പ് കെഎം ചിദംബരം ഒരു നാടകം എഴുതിയിട്ടുണ്ട്. രാജീവ് രവി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നാടകകൃത്തിന്റെ മകന്‍ ഗോപന്‍ ചിദംബരമാണ്.അദ്ദേഹം മുമ്പ് ഇയ്യോബിന്റെ പുസ്തകം തിരക്കഥ രാജീവ് രവിക്കൊപ്പം എഴുതിയിരുന്നു. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.