മമ്മൂട്ടിയുടെ തെലുഗ് ചിത്രം യാത്ര ഫെബ്രുവരി 8ന് തിയേറ്ററുകളിലേക്കെത്തുകയാണ്. റിപ്പോര്‍ട്ടനുസരിച്ച് സിനിമ മൂന്നു ഭാഷകളിലായാണ് ഇറങ്ങുന്നത്, തെലുഗ്, മലയാളം, തമിഴ്. സിനിമയുടെ മലയാളം ട്രയിലര്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ കെജിഎഫ് താരം യഷ് പുറത്തിറക്കും. ഫെബ്രുവരി 4ന് ട്രയിലര്‍ പുറത്തിറങ്ങും.
മാഹി വി രാഘവ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അന്തരിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര്‍ റെഡ്ഡി അഥവാ വൈഎസ്ആറിന്റെ കഥയാണ് സിനിമയ്ക്ക് അടിസ്ഥാനം.
മൂന്നുമാസം നീണ്ടുനിന്ന വൈഎസ്ആറിന്റെ 2003ലെ പദയാത്രയെയാണ് സിനിമ ആസ്പദമാക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായി മാറിയ സംഭവമായിരുന്നു പദയാത്ര.വൈഎസ്ആര്‍ വളരെ ബഹുമാന്യനായ രാഷ്ട്രീയക്കാരനാണ്. അതുകൊണ്ട് തന്നെ മമ്മൂക്ക വൈഎസ്ആര്‍ ആയി വെള്ളിത്തിരയിലെത്തുന്നതിനെ ഫാന്‍സുകാരും, നിരൂപകരുമെല്ലാം വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
70എംഎം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 7ന് യുഎസ്എ പ്രീമിയര്‍ നടത്താനിരിക്കുകയാണ് അണിയറക്കാര്‍. കേരളത്തിലെ ചിത്രത്തിന്റെ വിതരണാവകാശം ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ സ്വന്തമാക്കിയിരിക്കുകയാണ്. ബാഹുബലി, കെജിഎഫ്, ദ ജംഗിള്‍ ബുക്ക്, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ ഗ്ലോബല്‍ യുണൈറ്റഡ് ആയിരുന്നു വിതരണം.