കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രം മധുരരാജയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂക്കയുടെ 2010ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പോക്കിരി രാജയുടെ രണ്ടാംഭാഗമായാണെത്തുന്നത്. സിബി കെ തോമസിനൊപ്പം ആദ്യഭാഗത്തിന്റെ തിരക്കഥ ഒരുക്കിയ ഉദയ്കൃഷ്ണയാണ് പുതിയ ചിത്രത്തിന് സ്വന്തമായി തിരക്കഥ ഒരുക്കുന്നത്.
മധുരരാജ ഷൂട്ടിംഗ് അവസാനത്തേക്കെത്തുകയാണ്. ഏപ്രിലില്‍ വിഷുചിത്രമായി ഗ്രാന്റ് റിലീസിംഗിനൊരുങ്ങുകയാണ് ചിത്രമെന്നാണ് പുതിയ വാര്‍ത്തകള്‍. സാധാരണക്കാരായ പ്രേക്ഷകര്‍ക്കിടയില്‍ വന്‍പ്രതീക്ഷയോടെ എത്തുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ മാസ്സ് അവതാരത്തിനായി ഫാന്‍സുകാരും കാത്തിരിക്കുകയാണ്.
മധുര രാജ, ഉദയ്കൃഷ്ണ - വൈശാഖ് എഴുത്തുകാരന്‍- സംവിധായകന്‍ ടീമിന്റെ തിരിച്ചുവരവുകൂടിയാണ്. വൈശാഖ് പുലിമുരുകന്‍ എന്ന മെഗാബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ഒരുക്കുന്ന ചിത്രം കൂടിയാണിത്. മധുര രാജയിലും പുലിമുരുകന്റെ ടെക്‌നിക്കല്‍ ടീം തന്നെയാണ് ഉള്ളത്. സിനിമാറ്റോഗ്രാഫര്‍ ഷാജി കുമാര്‍, സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍, ജോണ്‍കുട്ടി എഡിറ്റര്‍ എന്നിവര്‍ മധുര രാജ ടീമിലുമുണ്ട്.
മധുര രാജയില്‍ പ്രധാനസ്ത്രീകഥാപാത്രമായെത്തുന്നത് അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിവരാണ്. തമിഴ് നടന്‍ ജയ് പ്രധാനവേഷത്തില്‍ മലയാളത്തിലേക്കെത്തുന്നു ഈ ചിത്രത്തിലൂടെ. ജഗപതി ബാബു വില്ലന്‍ വേഷത്തിലെത്തുന്നു. സിനിമയില്‍ ബോളിവുഡിലെ സണ്ണി ലിയോണ്‍ സ്‌പെഷല്‍ ഡാന്‍സ് നമ്പറുമായി സിനിമയിലെത്തുന്നു.