ജിത്തുജോസഫ് ചിത്രം മിസ്റ്റര്‍ ആന്റ് മിസ്സ് റൗഡി ചിത്രീകരണത്തിനുശേഷം കാളിദാസ് ജയറാം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ടീമിലെത്തി. ഇരിഞ്ഞാലക്കുട, കാട്ടൂര്‍ എന്ന സ്ഥലത്താണ് ചിത്രീകരണം.
മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ചിത്രത്തില്‍ കാളിദാസും ഐശ്വര്യ ലക്ഷ്മിയും ക്ലാസ്‌മേറ്റ്‌സ് ആയാണ് എത്തുന്നത്. ഇരുവരും ഒരേ ഗ്രാമത്തില്‍ നിന്നുമുള്ള കളിക്കൂട്ടുകാരാണ്. സംവിധായകന്‍ പറഞ്ഞതനുസരിച്ച് സിനിമ മൂന്നു ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ കാലഘട്ടത്തിലൂടെ കടന്നുപോകുന്നു, 2010മുതല്‍ 2018വരെ. ചിത്രത്തില്‍ ഐശ്വര്യയും കാളിദാസും ഫുട്‌ബോള്‍ ഫാന്‍സ് ആണ്. ടൂര്‍ണമെന്റുകള്‍ക്കിടയില്‍ ഇരുവരുടേയും സൗഹൃദം ദൃഢമാകുന്നതാണ് സിനിമ.
വിപിനന്‍ എന്ന ചെറുപ്പക്കാരനെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്. ഐശ്വര്യ, മെഹ്‌റുന്നീസ ഖാദര്‍ക്കുട്ടി എന്ന കഥാപാത്രത്തേയും. ഇരുവരുടേയും സൗഹൃദവും ഫുട്‌ബോളിനോടുള്ള സ്‌നേഹവുമാണ് സിനിമയുടെ കേന്ദ്രകഥ. അശോകന്‍ ചാരുവിലിന്റെ ഇതേപേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.മിഥുനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നായകകഥാപാത്രങ്ങളൊഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ് സിനിമയില്‍.