ഇതിഹാസ എന്ന ചിത്രം ഇറങ്ങിയത് 2014ലാണ്. ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കൊമേഴ്‌സ്യലി വിജയിപ്പിച്ച ചിത്രമായിരുന്നു ഇതിഹാസ. ചിത്രത്തിന്റ നാലാംവാര്‍ഷികത്തില്‍ അണിയറക്കാര്‍ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് ടൈറ്റില്‍ പോസ്റ്റര്‍ ഇറക്കികൊണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിഹാസ 2വില്‍ ഇന്ദ്രജിത് പ്രധാനവേഷം ചെയ്യും. ഇതിഹാസ എന്ന ചിത്രത്തിലൂടെ സംവിധായകനായ ബിനു എസ് തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുക. ആദ്യഭാഗത്ത് ഷൈന്‍ ടോം ചാക്കോ, അനുശ്രീ, ബാലു വര്‍ഗ്ഗീസ് എന്നിവരായിരുന്നു പ്രധാനവേഷങ്ങള്‍ ചെയ്തത്. രണ്ടാംഭാഗത്തിന്റെ കാസ്റ്റിംഗ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ഇതിഹാസ ഒരു കോമഡി ചിത്രമായിരുന്നു. ഒരു മോതിരം അണിയുന്നതോടെ രണ്ട് വ്യക്തികള്‍ പരസ്പരം മാറുന്നതും ,പിന്നീട് അവര്‍ നേരിടുന്ന വെല്ലുവിളികളും മററുമായിരുന്നു സിനിമ പറഞ്ഞത്. സോഫ്റ്റ് വെയര്‍ പ്രൊഫഷണലായ നായിക അനുശ്രീയും കള്ളത്തരങ്ങള്‍ കാണിച്ച് ജീവിക്കുന്ന ഷൈന്‍ടോം ചാക്കോ ചെയ്ത കഥാപാത്രവും ഒരു മോതിരമണിയുന്നതോടെ പരസ്പരം മാറുകയായിരുന്നു സിനിമയില്‍. സ്വീകലിന്റെ ടൈറ്റില്‍ പോസ്റ്ററിലും ഇത്തരത്തിലൊരു മോതിരം കാണിക്കുന്നുണ്ട്.ആദ്യഭാഗത്തിന്റെ തുടര്‍ച്ചയാണോ ഇത് എന്ന് തോന്നിപ്പിക്കുംവിധം.