പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ നിരവധി താരങ്ങള്‍ എത്തുന്നുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി, കന്നഡി സൂപ്പര്‍ സ്റ്റാര്‍ കിച്ച സുധീപ്. ഇന്ത്യന്‍ സിനിമാലോകത്ത് നിന്ന് പല പ്രമുഖരും സിനിമയുടെ ഭാഗമാകുന്നു. സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രഭു, അശോക് സെല്‍വന്‍, മഞ്ജു വാര്യര്‍ എന്നിങ്ങനെ.
ഹൈദരാബാദിലെ റാമോജി സിറ്റിയിലെ മരക്കാര്‍ സെറ്റില്‍ സുധീപിനെ കണ്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ലൊക്കേഷന്‍ സ്റ്റില്ലുകള്‍ ഈ വാര്‍ത്തയ്ക്ക് നല്ല പ്രചാരണവും നല്‍കുന്നു. സുധീപ് ശരിക്കും ചിത്രത്തിന്റെ ഭാഗമാകുന്നുവെങ്കില്‍ താരത്തിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാവുമിത്. ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് വളരെ പോപുലറായ താരമാണിദ്ദേഹം.
മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും ചിലവേറിയ ചിത്രമാകും മരക്കാര്‍. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.