പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം ഡിസംബര്‍ 1ന് ആരംഭിക്കും. മാസങ്ങളായി ചിത്രം പ്രീ- പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ നടന്നുകൊണ്ടിരിക്കുകായിരുന്നു. റാമോജി ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ സെറ്റുകളുടെ പണി നടക്കുകയാണ്. സിനിമയുടെ വലിയ ഒരു ഭാഗം ചിത്രീകരിക്കുന്നത് അവിടെയാണ്. 100കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കുന്നത്. ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്.
കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ കഥയാണ് സിനിമ പറയുന്നത്. കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ നാവിക പടയാളിയായിരുന്നു കുഞ്ഞാലിമരയ്ക്കാര്‍. പോര്‍ച്ചുഗീസ് പട്ടാളക്കാരില്‍ നിന്നും തീരത്തെ രക്ഷിക്കുകയായിരുന്നു പതിനാറാം നൂറ്റാണ്ടില്‍ കുഞ്ഞാലിമരയ്ക്കാരുടെ ജോലി. മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ വേഷത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ യൗവനം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് ആണ്. മധു മരയ്ക്കാര്‍ ഒന്നാമനായി എത്തുന്നു.
അര്‍ജ്ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മുകേഷ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, പൂജ കുമാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു.
അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറക്കാരുടെ തീരുമാനം. 2020ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.