അന്തരിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറിന്റെ ബയോപിക് ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്ന കാര്യം നേരത്തേ വാര്‍ത്തയായിരുന്നു. യാത്ര എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാഹി വി രാഘവ് ആണ്. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണ്. ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2019 ഫെബ്രുവരി 8ന് സിനിമ ആഗോളതലത്തില്‍ റിലീസ് ചെയ്യുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
മമ്മൂട്ടിയുടെ കരിയറിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായിരിക്കുമിത്. ആന്ധ്രപ്രദേശ് കണ്ടതില്‍ വച്ച് ഏറ്റവും കരുത്തുറ്റതും ജനസമ്മതനുമായ ഒരു രാഷ്ട്രീയക്കാരനായിരുന്നു വൈഎസ് രാജശേഖര റെഡ്ഡി അഥവാ വൈഎസ്ആര്‍. അദ്ദേഹത്തിന്റെ മരണശേഷവും ജനങ്ങള്‍ അദ്ദേഹത്തെ അവരുടെ നേതാവായി പരിഗണിച്ച് മില്ല്യണിലധികം ആളുകള്‍ ബഹുമാനിക്കുന്നു.
സാധാരണ ബയോപിക്കുകളില്‍ നിന്നും വ്യത്യസ്തമായ യാത്ര ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 2003ലെ വൈഎസ്ആറിന്റെ മൂന്നുമാസം നീണ്ടു നിന്ന പദയാത്രയെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. മമ്മുട്ടിയെ കൂടാതെ സിനിമയില്‍ റാവു രമേഷ്, അനസൂയ ഭരദ്വാജ്, സുഹാസിനി മണിരത്‌നം, പോസാനി കൃഷ്ണമുരളി, വിനോദ് കുമാര്‍, സച്ചിന്‍ ഖേദേകര്‍ തുടങ്ങിയവരുമുണ്ട്.