മമ്മൂട്ടി മധുരരാജ ടീമിനൊപ്പം ചേര്‍ന്നു. പോക്കിരിരാജ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സ്വീക്കലായി ഒരുക്കുന്ന ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത് മമ്മൂട്ടിയാണ്. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എറണാകുളത്തെ ചെറായി ബീച്ചില്‍ ചിത്രീകരണം തുടരുകയാണ്. ആഗസ്റ്റ് 20ന് മമ്മൂട്ടി ടീമിനൊപ്പം ചേരാനിരുന്നതാണ്. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയം പല ചിത്രങ്ങളുടേയും ചിത്രീകരണം മുടക്കിയിരുന്നു. മറ്റു പല താരങ്ങള്‍ക്കുമൊപ്പം മമ്മൂട്ടിയും പ്രളയബാധിതരെ സഹായിക്കുന്നതിനായി എത്തിയിരുന്നു.
2010ല്‍ ഇറങ്ങിയ പോക്കിരിരാജയില്‍ പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എന്നാല്‍ സ്വീക്കലില്‍ പൃഥ്വി എത്തുന്നില്ല, പകരം തമിഴ് നടന്‍ ജയ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടി ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് സംവിധായകന്‍ വൈശാഖിനൊപ്പം തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നും എത്തുന്നുവെന്നതാണ്.
അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികാതാരങ്ങള്‍. ആര്‍ കെ സുരേഷ്, നെടുമുടി വേണു, സലീം കുമാര്‍, അജു വര്‍ഗ്ഗീസ്, ധര്‍മ്മജന്‍, ബിജു കുട്ടന്‍, സിദ്ദീഖ്, എംആര് ഗോപകുമാര്‍, ബാല, കൈലാഷ്, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവര്‍ക്കൊപ്പം തമിഴില്‍ നിന്നും പ്രമുഖതാരങ്ങളും എത്തുന്നു.
ഷാജി കുമാര്‍ ആണ് സിനിമാറ്റോഗ്രാഫി,ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു. മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനിരിക്കുകയാണ്.