സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ ഓട്ടന്‍തുള്ളല്‍ കലാകാരനെ അവതരിപ്പിച്ച് ഇന്ദ്രന്‍സ് മികച്ച നടനും, ടേക്ക് ഓഫിലെ സമീറ എന്ന നഴ്‌സിനെ അവതരിപ്പിച്ച പാര്‍വ്വതി മികച്ച നടിയുമായി.
മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ലിജോ ജോസ് പല്ലിശ്ശേരിയാണ്. ഇ മ യൗ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ എന്നിവരായിരുന്ന ചിത്രത്തില്‍. ആദ്യമായാണ് ലിജോയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്.
മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഒറ്റമുറി വെളിച്ചം എന്ന രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത സിനിമയാണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഒറ്റമുറി വെളിച്ചം. രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്റികള്‍, ഷോര്‍ട്ട് ഫിലിമുകള്‍, സംഗീത ആല്‍ബങ്ങള്‍ എന്നിവ മുമ്പ് തയ്യാറാക്കിയിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പിന്റെ കഥയാണ് ഒറ്റ മുറി വെളിച്ചം.
സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദന്‍ മികച്ച രണ്ടാമത്തെ ചിത്രമായി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ മികച്ച സ്വഭാവനടനും ഈ മ യൗ, ഒറ്റ മുറി വെളിച്ചം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പോളി വില്‍സണ്‍ സ്വഭാവ നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.സ്വനം എന്ന ചിത്രത്തിലൂടെ മാസ്റ്റര്‍ അഭിനന്ദ്, രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ നക്ഷത്രയും മികച്ച ബാലതാരങ്ങളായി.
ഭയാനകം എന്ന ചിത്രത്തിലെ സംഗീതത്തിന് എം അര്‍ജ്ജുനനാണ് മികച്ച സംഗീതസംവിധായകന്‍, ഗാനരചയിതാവായി ക്ലിന്റ് എന്ന സിനിമയിലൂടെ പ്രഭാവര്‍മയ്ക്ക് ലഭിച്ചു. ഗോപീസുന്ദര്‍ മികച്ച പശ്ചാത്തലസംഗീതഞ്ജന്‍, ഷഹബാസ് അമന്‍, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ ഗായകരുമായി തിരഞ്ഞെടുക്കപ്പെട്ടു.
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് രക്ഷാധികാരി ബൈജു ഒപ്പ് എന്ന രഞ്ജന്‍ പ്രമോദ് ചിത്രത്തിന് ലഭിച്ചു. മികച്ച കുട്ടികളുടെ ചിത്രമായി സ്വനം തിരഞ്ഞെടുക്കപ്പെട്ടു.