പാർവതി കേന്ദ്രകഥാപാത്രമായെത്തുന്ന വർത്തമാനം അവസാനം റിലീസ് ചെയ്യുകയാണ്. മാർച്ച് 12ന് സിനിമ തിയേറ്ററുകളിലെത്തുമെന്ന് അണിയറക്കാർ അറിയിച്ചിരിക്കുന്നു. ദേശീയപുരസ്കാരജേതാവായ സംവിധായകൻ സിദാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണിത്. അടുത്തിടെ മതസൗഹാർദ്ദം നശിപ്പിക്കുമെന്നും, രാജ്യവിരുദ്ധമാണെന്നും കാണിച്ച് റീജിയണൽ സെൻസർ ബോർഡ് സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഡൽഹി സെൻട്രൽ സെന്സർ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റിയിൽ നിന്നും അനുവാദം ലഭിക്കുകയായിരുന്നു.
വർത്തമാനത്തിൽ പാർവ്വതി ഫൈസ സൂഫിയ എന്ന കഥാപാത്രമായെത്തുന്നു. ജെഎൻയു റിസർച്ച് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ജെഎൻയു ക്യാമ്പസ് രാഷ്ട്രീയ സംഭവങ്ങളാലും ക്യാമ്പസ് സമരത്താലും വാർത്തകളിൽ ഇടം നേടിയിരുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമ.
ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. ബേനസീർ , ബെൻസി പ്രൊഡക്ഷന്‍സിനൊപ്പം ഇദ്ദേഹം ചിത്രം നിർമ്മിക്കുന്നു. റോഷൻ മാത്യു, സിദ്ദീഖ്, സഞ്ജു ശിവരാം, സുധീഷ്, നിർമ്മല്‍ പാലാഴി, ഡെയ്ന്‍ ഡേവിസ് എന്നിവരും മലയാളികളല്ലാത്ത താരങ്ങളും സിനിമയിലുണ്ട്.