മുംബൈ: റിലയന്‍സ് ജിയോയുടെ പുറത്തിറക്കാനിരിക്കുന്ന ഫീച്ചര്‍ ഫോണിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ.
ജിയോ 4ജി ഫീച്ചര്‍ ഫോണ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഓഗസ്റ്റിൽ പുറത്തിറങ്ങാനിരിക്കുന്ന ഫോണിനെക്കുറിച്ചുള്ള സംശയങ്ങളും ചർച്ചകളും സജീവമായിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ജിയോ പുറത്തിറക്കുന്ന 4ജി വോള്‍ട്ട് ഫോണില്‍ വാട്സ്ആപ്പ് ലഭിക്കില്ലെന്ന യൂട്യൂബര്‍ ടെക്നിക്കല്‍ ഗുരുജി റിപ്പോര്‍ട്ടാണ് ഫോണിന്‍റെ വരവ് കാത്തിരിക്കുന്നവരെ ആശങ്കയിലാക്കിയിട്ടുള്ളത്.
യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ലഭിക്കുമോ എന്ന ആശങ്കയ്ക്കും യൂട്യൂബര്‍ ടെക്നിക്കല്‍ ഗുരുജി റിപ്പോര്‍ട്ടർ ഉത്തരം നൽകിയിട്ടുണ്ട്. റിലയന്‍സ് ജിയോ ഫോണില്‍ വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് റിപ്പോർട്ട് ചെയ്തെങ്കിലും ഫീച്ചര്‍ ഫോണില്‍ ഫേസ്ബുക്കും യൂട്യൂബും ലഭ്യമാകുമെന്നാണ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിലയന്‍സ് ജിയോ ചെയര്‍മാന്‍ ജൂലൈ 21നാണ് റിലയന്‍സ് ജിയോ സൗജന്യമായി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. സൗജന്യവോയ്സ് കോളും 4ജി ഡാറ്റ സ്ട്രീമിംഗുമാണ് 4ജി വോള്‍ട്ട് സംവിധാനമുള്ള ഫീച്ചര്‍ ഫോണിനൊപ്പം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ഓഫറുകള്‍. ഓഗസ്റ്റ് 24 മുതലാണ് ഫോണിനുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുന്നത്. 36 മാസത്തെ ഉപയോഗത്തിന് ശേഷം സെക്യൂരിറ്റിയായി നിക്ഷേപിച്ച തുകയായ 1500 രൂപ ഉപയോക്താക്കൾക്ക് തിരിച്ചുനൽകുമെന്നും അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു.
പ്രതിദിനം 500 എംബി ഡാറ്റയ്ക്ക് പുറമേ ഫോണിനൊപ്പം ജിയോ ധൻ ധനാ ധൻ ഓഫർ പ്രകാരം പ്രതിമാസം വെറും 153 രൂപാ റീച്ചാർജ്ജിൽ അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോൾ, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. 1500 രൂപ ഡെപ്പോസിറ്റില്‍ രാജ്യത്ത് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങുന്നതോടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍.