ഗൂഗിൾ ഫോട്ടോസ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിൽ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള പ്ലാറ്റ്ഫോം ആണ്. എത്ര വേണമെങ്കിലും ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്ത് വയ്ക്കാനുമെന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. എന്നാൽ ഈ ആനുകൂല്യം മെയ് 31 ഓടെ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ.
ജൂൺ 1 മുതൽ ഗൂഗിൾ സ്റ്റോറേജ് പോളിസി മാറ്റം വരുത്തുകയാണ്. ഗൂഗിൾ ഫോട്ടോസ് ഇതുവരെ പരിധിയില്ലാതെ തന്നെ ഫോട്ടോകളും ഹൈ ക്വാളിറ്റി റെസലൂഷനിലുള്ളത് സൂക്ഷിച്ചുവയ്ക്കാൻ അനുവദിച്ചിരുന്നു. ഈ സൗകര്യം ജൂൺ 1മുതൽ ഇല്ലാതാവും. ഗൂഗിൾ അക്കൗണ്ടിന്റെ 15ജിബി സ്റ്റോറേജ് പരിധിയിൽ ജൂൺ 1മുതൽ ഓരോ ഫോട്ടോയും വീഡിയോയും കൗണ്ട് ചെയ്യും. ജിമെയിൽ, ഡ്രൈവ്, ഫോട്ടോസ് എന്നിവയുടെ 15ജിബി സ്റ്റോറേജ് തീർന്നുകഴിഞ്ഞാൽ കൂടുതൽ സ്റ്റോറേജ് വാങ്ങേണ്ടി വരും.
ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്‌ഫോം നല്‍കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. 100 ജി.ബി. സ്‌പേസിന് 130 രൂപയും 200 ജി.ബി. സ്‌പേസിന് 210 രൂപയുമായിരിക്കും ഈടാക്കുകയെന്നാണ് പ്രാഥമിക വിവരങ്ങള്‍. എന്നാല്‍, ഗൂഗിള്‍ പുറത്തിറക്കിയിട്ടുള്ള ഫോണുകളില്‍ ഈ പരിധി ബാധകമാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവിൽ അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോകൾക്കും ഫോട്ടോകൾക്കും എന്താണ് സംഭവിക്കുക?
ജൂൺ 1, 2021ന് മുമ്പ് അപ്ലോഡ് ചെയ്തിട്ടുള്ള ഫോട്ടോകളും വീഡിയോയും 15ജിബി സൗജന്യ സ്റ്റോറേജ് പരിധിയിൽ വരികയില്ല എന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ നിശ്ചയിച്ചിട്ടുള്ള സ്റ്റോറേജ് ലിമിറ്റിന് പുറത്തായിരിക്കും ഈ ഫോട്ടോകൾ. നിലവിലെ ബാക്അപ്പ് ക്വാളിറ്റി ചെക്ക് ചെയ്യുന്നതിന് സെറ്റിംഗ്സിലെ ബാക്ക് അപ്പ് ആന്റ് സിങ്ക് സന്ദർശിക്കാം.