മുബൈ: റിലയന്‍സ് ജിയോ പുറത്തിറക്കാനിരിക്കുന്ന ഫീച്ചര്‍ ഫോണില്‍ ഒറ്റ സിം കാര്‍ഡ് മാത്രമാണെന്ന് സ്ഥിരീകരണം. റിലയന്‍സ് ജിയോയുടെ കമ്പനി പ്രതിനിധിയാണ് ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ഫോണിന്‍റെ ഫീച്ചറിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളതെന്ന് എന്‍ഡിടിവിയുടെ ഗാഡ്ജറ്റ്സ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 15 മുതലാണ് ഫോണിന്‍റെ ബീറ്റാ ട്രയലുകള്‍ ആരംഭിക്കുകയെങ്കിലും 24 മുതലാണ് ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുക. ഏറെ പ്രതീക്ഷയോടെ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ കാത്തിരുന്ന ഫോണ്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് ജൂലൈ 21നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്.
വോള്‍ട്ട് സാങ്കേതിക വിദ്യയുള്ള 4ജി ഫോണാണ് ജിയോ പുറത്തിറക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ഷിക യോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മാത്രമാണ് വോള്‍ട്ട് സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ജിയോ ഫോണിന്‍റെ സിം കാര്‍ഡ് ഫോണുമായി ലോക്ക് ചെയ്ത നിലയിലായിരിക്കുമെന്നും വിവരമുണ്ട്. ഇത് ജിയോ ഫോണില്‍ മറ്റ് സിം കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. എന്നാല്‍ ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്‍ ഉടന്‍ തന്നെ വോള്‍ട്ട് സാങ്കേതിക വിദ്യ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യ ബ്രാന്‍ഡഡ് ജിയോ ഫോണില്‍ ക്വുവല്‍ കോം, സ്പ്രെഡ്ട്രം ചിപ്പുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 22 ഭാഷകളിലുള്ള വോയ്സ് കമാന്‍ഡുകളെ പിന്തുണയ്ക്കുന്ന ഫോണില്‍ എഫ് എം റോഡിയോ, പാനിക് ബട്ടണും ഉണ്ടായിരിക്കും. മൈ ജിയോ ആപ്പ്, ജിയോ ഓഫ് ലൈൻ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഫോൺ ബുക്ക് ചെയ്യാൻ സാധിക്കും. ജിയോ സിനിമ, ജിയോ ടിവി, ജിയോ മ്യൂസിക് എന്നീ ആപ്പുകളും ഫോണിലുണ്ടായിരിക്കും. റിലയന്‍സ് ജിയോ ഫോണില്‍ വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് യൂട്യൂബര്‍ ടെക്നിക്കല്‍ ഗുരുജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഫീച്ചര്‍ ഫോണില്‍ ഫേസ്ബുക്കും യൂട്യൂബും ലഭ്യമാകുമെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.