പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടര്‍ച്ചയായി ഹാക്കിംഗിന് ഇരയാവുന്ന ഈ സാഹചര്യത്തില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട് ഫോണുകള്‍ സേനാംഗങ്ങള്‍ക്ക് നല്‍കാന്‍ വ്യോമസേന.
സേനയുടെ 1.75 ലക്ഷം അംഗങ്ങള്‍ക്കും ഈ പുതിയ സ്മാര്‍ട്ട് ഫോണ്‍ നല്‍കും. ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത് ഈ ഫോണുകള്‍ സേനയുടെ സ്വന്തം നെറ്റ് വര്‍ക്കില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. സേനയുടെ സ്വന്തം നെറ്റ് വര്‍ക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിന് വേണ്ടിയാണിത്.
സാധാരണ സ്മാര്‍ട്ടുകളിലുള്ള പോലുള്ള വീഡിയോ കോളിംഗ് സൗകര്യവും മറ്റും ഈ ഫോണിലും ലഭ്യമാണ്. എന്നാല്‍ മറ്റു ഫോണുകളില്‍ ലഭ്യമായിട്ടുള്ള പോലെയുള്ള ആപ്പുകള്‍ ഇതില്‍ ലഭ്യമല്ല. ഇന്ത്യയിലെ എല്ലാ എയര്‍ബേസുമായും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ എപ്പോഴും ബന്ധപ്പെടുത്തിയിട്ടുണ്ടാവും.
ഔദ്യോഗികമായി സേനയുടെ ഭാഗമായി മാറുമ്പോഴാണ് അംഗങ്ങള്‍ക്ക് പുതിയ സ്മാര്‍ട്ട് ഫോണ്‍ നല്‍കുക. സേനാംഗങ്ങളുടെ സര്‍വീസ് നമ്പറുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറാകും നല്‍കുക. അംഗങ്ങള്‍ എവിടെ പോയാലും മൊബൈല്‍ വ്യോമസേനാ നെറ്റ് വര്‍ക്കുമായി കണക്ട് ആയിരിക്കും. പുതിയ സംവിധാനത്തിനായി 300 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്.