സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമായിരിക്കുന്നു.ഇതോടെ എല്ലാ ഓണ്‍ലൈന്‍ ഇടപാടുകളും ഫോണ്‍ വഴിയായിരിക്കുന്നു. എന്നാല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഇടപാടുകളെല്ലാം തീര്‍ത്തും സുരക്ഷിതമാണോ? സ്മാര്‍ട്ട് ഫോണുകള്‍ എന്തിനും ഏതിനും ഉപയോഗിക്കുന്നതോടൊപ്പം ഇതിലെ ഡാറ്റ എങ്ങനെ സുരക്ഷിതമാക്കി വയ്ക്കാം എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
പുതിയ ഫോണ്‍ ഉപയോഗിച്ചു തുടങ്ങുമ്പോള്‍ തന്നെ ഈ സെക്യൂരിറ്റി ഓപ്ഷന്‍ ആക്ടീവാക്കാം. പിന്‍ നമ്പര്‍, പാസ് വേര്‍ഡ്, പാറ്റേണ്‍ എന്നിവ നല്‍കി ഫോണ്‍ ലോക്ക് ചെയ്യാം. ഐഫോണ്‍ പോലുള്ളവയില്‍ ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ചും ഫോണ്‍ ലോക്ക് ചെയ്യാം.ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ലൊക്കേഷന്‍ ആന്റ് സെക്യൂരിറ്റി സെറ്റിംഗ്‌സില്‍ ഇത് സെറ്റ് ചെയ്യാനാവും.പാസ് വേര്‍ഡ് ആയി പിന്‍നമ്പര്‍ ഉപയോഗിക്കുന്നവര്‍ എളുപ്പം മനസ്സിലാക്കാവുന്നവ (1234 ) ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഫോണുകളില്‍ ഇപ്പോള്‍ ഒട്ടനവധി ആപ്പുകള്‍ ലഭ്യമാണ്. ആവശ്യമുള്ളവ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. പല ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നമ്മുടെ ഡാറ്റ ആക്‌സസ് ചെയ്യാനുള്ള അനുമതി ചോദിക്കും.ഒന്നും നോക്കാതെ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ നമ്മുടെ ഡാറ്റയുടെ താക്കോലാണ് നല്‍കുന്നത് എന്ന കാര്യം മറക്കാതിരിക്കുക.
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുമ്പ് , അത് നമുക്ക് എത്രത്തോളം ആവശ്യമാണെന്നു കൂടി കണക്കിലെടുക്കുക. അത്യാവശ്യമാണെങ്കില്‍ റിവ്യൂവും കമന്റുകളുമെല്ലാം പരിശോധിച്ച് നല്ലതാണെന്ന് ഉറപ്പുവരുത്തണം.
ഫോണ്‍ ലോക്ക് ചെയ്യും പോലെ ആപ്പുകള്‍ക്കും ലോക്കിടാനാവും. സ്വകാര്യ സന്ദേശങ്ങളും മറ്റും കൈമാറാനുപയോഗിക്കുന്ന വാട്ട്‌സ് അപ്പ് പോലുള്ളവ ലോക്ക് ചെയ്തു സൂക്ഷിക്കുന്നതാണ് നല്ലത്. ഇമെയില്‍,ഫയല്‍ മാനേജര്‍ തുടങ്ങിയവയും ആപ്പ് ലോക്ക് മാനേജര്‍ ഉപയോഗിച്ച് ലോക്ക് ചെയ്ത് സൂക്ഷിക്കാം.
എന്നാല്‍ പാസ് വേര്‍ഡുകള്‍ ഫോണില്‍ സൂക്ഷിക്കുന്നത് വളരെ വിഡ്ഢിത്തമാണ്.
ആപ്പുകള്‍ ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.അപ്‌ഡേറ്റുകള്‍ ചെയ്യുന്നത് പുതിയ ഫീച്ചറുകള്‍ ലഭിക്കാന്‍ മാത്രമല്ല,സെക്യൂരിറ്റി വര്‍ദ്ധിപ്പിക്കാനും സഹായിക്കും എന്ന കാര്യം മറക്കരുത്.
സ്്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ബാങ്കിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരും ഷോപ്പിംഗ് നടത്തുന്നവരും ആവശ്യം കഴിഞ്ഞാല്‍ ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്. ബാങ്കിംഗിനും മറ്റും പൊതുസ്ഥലങ്ങളിലെ വൈഫൈ സൗകര്യം ഉപയോഗിക്കാതിരിക്കുക. ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇത്തരം ഒരു ചെറിയ അശ്രദ്ധ മതിയാകും.
ഫൈന്‍ഡ് മൈ ഫോണ്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ ഡാറ്റയ്ക്ക് സുരക്ഷിതത്വം നല്‍കുന്നവയാണ്. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇതില്‍ ലോസ്റ്റ് മോഡ് ഓണാക്കാന്‍ സാധിക്കും. അത് ഫോണിന്റെ സ്‌ക്രീന്‍ ഒരു പാസ്‌കോഡ് ഉപയോഗിച്ച് ലോക്കാക്കും.ഐഫോണിലാണ് ഈ അപ്ലിക്കേഷന്‍ ലഭ്യമാകുക. ആന്‍ഡ്രോയിഡില്‍ ലഭ്യമാകുന്ന ഡിവൈസ് മാനേജര്‍ ആപ്പും ഇത്തരത്തിലുള്ളതാണ്.
ഫോണിലെ ഡാറ്റ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. അതുകൊണ്ട് തന്നെ വിവരങ്ങള്‍ ബാക്ക് അപ്പ് ചെയ്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. ഫോണിലെ കോണ്ടാക്ട് ലിസ്റ്റും,ഡോക്യുമെന്റുകളും, പ്രധാന മെസേജുകള്‍, ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവയെല്ലാം ബാക്ക് അപ്പ് എടുത്ത് സൂക്ഷിക്കാം. ബാക്ക് അപ്പ് അസിസ്റ്റന്റ് പ്ലസ് , വെരിസോണ്‍ ക്ലൗഡ് തുടങ്ങിയ ആപ്പുകള്‍ ഇതിനായി ഉപയോഗപ്പെടുത്താം.
ഉപയോഗമില്ലാത്തപ്പോള്‍ ജിപിഎസ്, ബ്ലൂടൂത്ത് , വയര്‍ലെസ് സൗകര്യങ്ങള്‍ ഓഫാക്കി വെക്കുക.ബാറ്ററി ചാര്‍ജ്ജ് തീര്‍ക്കുന്നതോടൊപ്പം വിവരങ്ങള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതയും കൂട്ടും.
ഫോണുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അതിലെ ഡാറ്റ സുരക്ഷിതമാക്കാനായി കില്‍ സ്വിച്ചുകളും ഉപയോഗപ്പെടുത്താം.