ഗുരുവായൂര്‍ ഏകാദശി വൃശ്ചികത്തിലെ 11ാം ദിനമാണ്. മണ്ഡലകാലത്താണ് ഗുരുവായൂര്‍ ഏകാദശി വരിക. നവമിയും ദശമിയും ഒരു പോലെ പ്രധാനപ്പെട്ടതാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷദിവസമാണ് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്‌ഠാദിനമായി ഈ ദിനത്തെ കണക്കാക്കി വരുന്നു.
ഐതിഹ്യമനുസരിച്ച് വൈകുണ്‌ഠനാഥന്‍ നിര്‍മ്മിച്ച് , ബ്രഹ്മാവ്, സുതപസ്സ്, കശ്യപന്‍, വസുദേവര്‍ തുടങ്ങി അവസാനം ശ്രീകൃഷ്‌ണനാലും പൂജയേറ്റവാങ്ങിയ പാതാളാഞ്‌ജന നിര്‍മ്മിതമായ വിഷ്‌ണുവിഗ്രഹം ദേവഗുരുവായ ബൃഹസ്‌പതിയും വായുദേവനും ചേര്‍ന്ന് പ്രതിഷ്‌ഠ നടത്തിയത് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശിയിലാണെന്ന് വിശ്വാസം.
ഏകാദശി വ്രതം
ചാന്ദ്രമാസത്തില്‍ വെളുത്തതും കറുത്തതുമായി രണ്ടു പക്ഷങ്ങളുണ്ടാകും. ഇരുപക്ഷങ്ങളിലേയും പതിനൊന്നാം ദിവസമാണ് ഏകാദശി എന്നറിയപ്പെടുന്നത്. ഈ ദിവസം വ്രതം അനുഷ്‌ഠിക്കുന്നത് വിഷ്‌ണു പ്രീതികരമാണെന്ന് കണക്കാക്കുന്നു. ഏകാദശിയുടെ തലേദിവസം (ദശമി) പിറ്റേ ദിവസം(ദ്വാദശി) ദിനവും ഉള്‍പ്പെടുന്നതാണ് വ്രതം. ദശമിക്കും ദ്വാദശിക്കും ഒരിക്കലും ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസവുമാണ് വേണ്ടത്. അത് സാധിക്കാത്തവര്‍ തുളസീതീര്‍ത്ഥം സേവിച്ചും വ്രതം എടുക്കാം. പ്രഭാതസ്‌നാനത്തിന് ശേഷം വിഷ്‌ണു ക്ഷേത്രദര്‍ശനം നടത്തുകയും ഭഗവത്‌ഗീത , ശ്രീമദ് ഭാഗവതം, വിഷ്‌ണു പുരാണം, നാരായണീയം മുതലായ വൈഷ്‌ണവഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാം. ദ്വാദശിനാളില്‍ രാവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി പാരണ വിടുന്നതോടെയാണ് വ്രതം സമാപിക്കുന്നത്.
ഏകാദശീവ്രതം രണ്ടുതരത്തിലുണ്ട്. ദശമിബന്ധമുള്ളതും ഇല്ലാത്തതും. ദശമിബന്ധമുള്ള ഏകാദശി ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശി ആനന്ദപക്ഷ ഏകാദശി എന്നും അറിയപ്പെടുന്നു. ഈ വര്‍ഷം ഡിസംബര്‍ 4നാണ് ഏകാദശി വ്രതം അനുഷ്‌ഠിക്കേണ്ടത്.