വൃശ്ചികമാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. കേരളത്തിലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആണ് ഏകാദശി പ്രധാനം. ഇംഗ്ലീഷ് മാസം നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസത്തിലായാണ് ഏകാദശി വരുന്നത്. മണ്ഡലകാലത്തിലാണ് ഏകാദശി വരുന്നത്.2020 നവംബര്‍ 25നാണ് ഗുരുവായൂര്‍ ഏകാദശി വരുന്നത്.
ഗുരുവായൂര്‍ പ്രതിഷ്ഠ നടത്തിയത് വൃശ്ചികത്തിലെ ഏകാദശി നാളിലാണ്.അതിനാല‍്‍ ഗുരുവായൂർ പ്രതിഷ്ഠാദിനമായും ഈ ദിവസത്തെ കാണുന്നു.ഭഗവാൻ വിഷ്ണു ദേവീദേവന്മാർക്കൊപ്പം ഗുരുവായൂരെത്തുന്ന ദിനം കൂടിയാണ് ഏകാദശി. നവമിയും ദശമിയും ഏകാദശി പോലെതന്നെ പ്രാധാന്യമുള്ളതാണ്.ഏകാദശി ദിവസം ഗുരുവായൂര്‍ ക്ഷേത്രനട അടയ്ക്കാറില്ല. ഏകാദശി ദിവസത്തിന് മുമ്പത്തെ ദശമി നാളില്‍ 3മണിക്ക് നടതുറന്ന് കഴിഞ്ഞാല്‍ ദ്വാദശി നാളില്‍ 9മണിക്കാണ് നട അടയ്ക്കുക.
ഏകാദശി വിളക്ക്
ഗുരുവായൂര്‍ ഏകാദശിക്ക് അനുബന്ധിച്ച് ഏറ്റവും പ്രധാന ചടങ്ങാണ് ഏകാദശി വിളക്ക്. ഇത് ഏകാദശിക്ക് ഒരു മാസം മുമ്പെ ആരംഭിക്കും.
ഏകാദശി വിളക്ക് സമയത്ത് ഗുരുവായൂരില്‍ മുഴുവനായും ദീപങ്ങള്‍ കത്തിക്കും. ഭക്തര്‍ക്ക് ഓരോ ദിവസത്തേയും വിളക്ക് തെളിയിക്കാനാവശ്യമായ വസ്തുക്കള്‍ എണ്ണയും തിരിയും മറ്റും സ്‌പോണ്‍സര്‍ ചെയ്യാം. ഏകാദശി ദിവസം രാത്രി പൂജയ്ക്ക് ശേഷം പ്രസിദ്ധമായ ഏകാദശി വിളക്ക് ആന എഴുന്നള്ളത്തോടുകൂടി നടത്തപ്പെടുന്നു. ഇത് ദര്‍ശിക്കാനായി അനേകം ഭക്തര്‍ എത്തുന്നു.
ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ ആദരിക്കല്‍
ഇന്ത്യയിലെ ആനകള്‍ക്കെല്ലാം ഉടമ ഗുരുവായൂരപ്പനാണെന്നാണ് വിശ്വാസം. ഏകാദശി ദിവസം ആനകളെയെല്ലാം ആദരിക്കും.
ഏകാദശിയുടെ ഏറ്റവും പ്രധാന ചടങ്ങുകളില്‍ ഒന്നാണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ ആദരിക്കുന്നത്. ഗുരുവായൂര്‍ കേശവന്‍ ഒരു ഏകാദശി നാളിലാണ് അന്തരിച്ചത്.ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുന്നത്തൂര്‍ കോട്ടയിലെ ആനകളുടെ നേതാവ് ഗുരുവായൂര്‍ കേശവന്റെ പ്രതിമയ്ക്ക് മാല ചാര്‍ത്തുന്നു.
പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തില്‍ നിന്നും ആനകളുടെ ജാഥയും ഉണ്ടാകും.ഇന്നേ ദിവസമാണ് കൃഷ്ണന്‍ അര്‍ജ്ജുനന് ഭഗവത്ഗീത പറഞ്ഞുകൊടുത്തത്.ഇവിടെ ഗീതോപദേശം ദിവസം എന്നാണ് അറിയപ്പെടുന്നത്.
ദ്വാദശി പണം
ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ ദ്വാദശി നാളില്‍ ദ്വാദശി പണം നല്‍കുക എന്നൊരു ചടങ്ങുണ്ട്. ഇത് ഒരു കൈനീട്ടം ആണ് .വളരെ അമൂല്യമായാണ് ഇതിനെ കാണുന്നത്.
ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ
ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹത്തിനായാണ് ഏകാദശീവ്രതം അനുഷ്ഠിക്കുന്നത്. വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെയാണെന്ന് കൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശിക്കുന്നത് പുരാണങ്ങളില്‍ പറയുന്നുണ്ട്. വൃശ്ചികമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിനാളിലാണ് വ്രതമെടുക്കേണ്ടത്. ഭഗവാന്‍ വിഷ്ണുവില്‍ നിന്നും വന്ന ദുഷ്ശക്തികളെ നശിപ്പിക്കാനായി ദേവതയാണ് ഏകാദശി. അവരുടേ നല്ല പ്രവൃത്തികളില്‍ സന്തുഷ്ടനായ വിഷ്ണു , ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പാപങ്ങള്‍ ഇല്ലാതാവുമെന്നും മോക്ഷം ലഭിക്കുമെന്നും വരവും കൊടുത്തു.
ദശമി ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വ്രതം എടുക്കുന്നവരുണ്ട്.
ഏകാദശി ദിവസം രാവിലെ നേരത്തേ എഴുന്നേറ്റ് ഭഗവാന്‍ വിഷ്ണുവിനെ പൂജിക്കുക. പഴങ്ങളും തുളസിയലയും അര്‍പ്പിച്ചാണ് പൂജകള്‍ നടത്തേണ്ടത്. കുറച്ചു നേരം പ്രാര്‍ത്ഥനകളില്‍ മുഴുകാം. അടുത്ത് വിഷ്ണുക്ഷേത്രമുണ്ടെങ്കില്‍ ക്ഷേത്രദര്‍ശനവുമാവാം.
ദിവസം മുഴുവന്‍ ഉപവസിക്കുന്നതാണ് നല്ലത്. മുഴുവനായോ അല്ലെങ്കില്‍ പകുതിയോ ഭക്ഷണം വര്‍ജ്ജിച്ച് ഉപവസിക്കുന്നതാണ് ഉത്തമം. ആരോഗ്യപ്രശ്‌നമുള്ളവര്‍ ഡോക്ടറുടെ ഉപദേശം അനുസരിച്ചുമാത്രമേ ഉപവാസമെടുക്കാവൂ.അരി ഭക്ഷണം മാത്രം ഉപേക്ഷിച്ചുകൊണ്ടുള്ള പകുതി വ്രതം അനുഷ്ഠിച്ചാലും മതി.ഏകാദശി ദിവസം അരിയാഹാരം കഴിക്കരുത്. അരി, ധാന്യം, തേന്‍, മാംസം, സ്റ്റീല്‍ പാത്രത്തിലെ ഭക്ഷണം ഇവ കഴിക്കരുത്. ഇന്നേ ദിവസം ഓയില്‍ ഉപയോഗിക്കരുത്. പകുതി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പഴങ്ങളും പാലും ഉപയോഗിക്കാം.
ഉച്ചയ്ക്ക് ശേഷം ദേഹശുദ്ധി വരുത്തി വിഷ്ണു നാമം ജപിക്കാം. വൈകീട്ട് കുളികഴിഞ്ഞ് രാവിലത്തെ പോലെ തന്നെ വിഷ്ണുപൂജ ചെയ്യാം.ഏകാദശി നാളില്‍ വിഷ്ണു അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം, ഓം നമോ നാരായണ എന്നിവയെല്ലാം ഭജിക്കാം.
പകല്‍സമയം ഉറങ്ങാന്‍ പാടില്ല. രാത്രി മുഴുവന്‍ വിഷ്ണു ക്ഷേത്രങ്ങളില്‍ ഭജനയില്‍ മുഴുങ്ങുന്നത് നല്ലതാണ്.ജോലിക്കാരും അസുഖമുള്ളവരും രാത്രി ഉറങ്ങാതിരിക്കുന്നത് നല്ലതല്ല. അടുത്ത ദിവസം ദ്വാദശി നാളില്‍ ആണ് വ്രതം അവസാനിപ്പിക്കേണ്ടത്. കുളിച്ച് വിഷ്ണു നാമം ജപിച്ച് വ്രതം അവസാനിപ്പിക്കാം.