ഭഗവാന്‍ ശിവന്‍ സോമ എന്ന പേരിലും അറിയപ്പെടുന്നു. സോമ എന്നാല്‍ സഹ ഉമ.സംസ്‌കൃതത്തില്‍ നിന്നും രൂപമെടുത്ത വാക്കിന് സോമ അതായത് ചന്ദ്രന് എന്നര്‍ഥം.സോമേശ്വരന്‍ എന്നും ശിവഭഗവാന്‍ അറിയപ്പെടുന്നു - തിങ്കള്‍ക്കല മുടിക്കെട്ടില്‍ ധരിച്ചിട്ടുള്ള. സോമവാര വ്രതം അനുഷിഠിക്കുന്നത് തിങ്കളാഴ്‌ച അഥവ സോമവാരത്തിലാണ്.
എപ്പോഴാണ് അനുഷ്‌ഠിക്കേണ്ടത്
എല്ലാ തിങ്കളാഴ്‌ചകളിലും സോമവാരവ്രതം അനുഷ്‌ഠിക്കാമെങ്കിലും ചില പ്രത്യേക തിങ്കളാഴ്‌ചകളില്‍ അനുഷഠിക്കുന്നത് ഏറെ ഗുണകരമാണ്. ശിവപ്രീതി വരുത്തി ആഗ്രഹസാഫല്യം നേടുന്നതിനായാണ് തിങ്കളാഴ്‌ച വ്രതം. ഏത് മാസത്തിലേയും പൗര്‍ണമിക്ക് ശേഷം വരുന്ന ആദ്യ തിങ്കളാഴ്‌ച, പ്രത്യേകിച്ചും ഫെബ്രുവരി , മാര്‍ച്ച് മാസങ്ങളിലെ. ശിവരാത്രി ആഘോഷം വരുന്ന മാസമാണിതെന്ന പ്രത്യേകതയുമുണ്ട്. സ്‌കന്ദപുരാണമനുസരിച്ച് നവംബര്‍- ഡിസംബര്‍ മാസത്തിലെ(കാര്‍ത്തിക) തിങ്കളാഴ്‌ച വ്രതവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്‌തമായാണ് സോമവാരവ്രതം അനുഷ്‌ഠിക്കുന്നത്. മഹാരാഷ്ട്ര , ഗുജറാത്ത് എന്നിവിടങ്ങളിലും ഉത്തരേന്ത്യയിലും ഹിന്ദുമാസം ശ്രാവണത്തില്‍ (ഗ്രിഗോറിയന്‍ കലണ്ടര്‍ ജൂലൈ മുതല്‍ ആഗസ്‌ത് വരെ) ആണ്. കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്‍ത്തിക മാസം കൂടുതല്‍ പുണ്യമായി കരുതുന്നു. തമിഴ്‌നാട്ടില്‍ തമിഴ്‌മാസം കാര്‍ത്തിക(നവംബര്‍ - ഡിസംബര്‍) ആണ് ഏറെ പ്രാധാന്യമുള്ളത്. കാര്‍ത്തികൈ സോമവാരം എന്നറിയപ്പെടുന്നു.
തിങ്കളാഴ്‌ചയും രോഹിണിയും വരുന്ന ദിനം , കറുത്തവാവും തിങ്കളാഴ്‌ചയുമായി വരുന്ന ദിനം അമോസോമവാരം എന്ന് അറിയപ്പെടുന്നു. ഈ ദിവസം വ്രതമനുഷ്‌ഠിക്കുന്നത് വളരെ വിശേഷമാണ്. മേടം, ഇടവം, ചിങ്ങം, വൃശ്ചികം എന്നീ മലയാളമാസങ്ങളിലെ വ്രതാനുഷ്‌ഠാനം വിശേഷമായി കേരളത്തില്‍ കരുതപ്പെടുന്നു.
അനുഷ്‌ഠിക്കേണ്ട വിധം
തിങ്കളാഴ്‌ച സൂര്യോദയത്തിന് വ്രതം ആരംഭിക്കുന്നു. പ്രഭാതത്തില്‍ എഴുന്നേറ്റ് ശിവഭഗവാനെ നമസ്‌കരിച്ച് വ്രതം ആരംഭിക്കുന്നു. കുളി കഴിഞ്ഞ് ശിവ-പാര്‍വ്വതി മാരെ പ്രാര്‍ത്ഥിക്കുന്നു. നെറ്റിയില്‍ ഭസ്‌മവും കുങ്കുമവും ചേര്‍ത്ത് തൊടുന്നത് ശിവശക്തീപ്രീതികരമാണ്. തുടര്‍ന്ന് ശിവക്ഷേത്രദര്‍ശനം നടത്തി പിന്‍വിളക്ക്, കൂവളമാല എന്നിവ സമര്‍പ്പിക്കുന്നത് നല്ലതാണ്. ഒരിക്കലൂണാണ് അഭികാമ്യം. രാവിലേയും വൈകീട്ടും പഴങ്ങള്‍ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ നേദ്യച്ചോറ് കഴിച്ച് വ്രതം അനുഷ്‌ഠിക്കുന്നവരുമുണ്ട്. പിറ്റേന്ന് കുളിച്ച് ക്ഷേത്രത്തിലെ തീര്‍ഥമോ തുളസീവെള്ളമോ സേവിച്ച് വ്രതം അവസാനിപ്പിക്കുന്നു.
വ്രതദിവസം ശിവപുരാണം, ദേവിമാഹാത്മ്യം എന്നിവ പാരായണം ചെയ്യുന്നു. നമഃശിവായ ശിവായ നമഃ എന്ന മൂലമന്ത്രം നൂറ്റിയെട്ടു തവണ ജപിക്കുന്നത് ഐശ്വര്യദായകമായി കരുതുന്നു.