ഐശ്വര്യത്തിന്‍റെ പ്രതീകമായ നിലവിളക്ക് നിത്യവും വീടുകളിൽ തെളിയിക്കാറുണ്ട്. പ്രാർത്ഥനയോടെ ദിവസവും രാവിലേയും വൈകീട്ടും വിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വിളക്ക് തെളിയിക്കുന്നതിൻറെ പ്രാധാന്യവും മഹത്വവും ഉൾക്കൊണ്ടുവേണം നിലവിളക്കു കത്തിച്ചുവയ്ക്കാൻ.
നിലവിളക്കിന്‍റെ അടിഭാഗം ബ്രഹ്മാവിനേയും തണ്ട് വിഷ്ണുവിനേയും മുകൾഭാഗം ശിവനേയുമാണ് സൂചിപ്പിക്കുന്നത്. നിലവിളക്കിന്‍റെ നാളം ലക്ഷ്മീദേവിയേയും പ്രകാശം സരസ്വതിദേവിയേയും നാളത്തിലെ ചൂട് പാർവ്വതി ദേവിയേയും സൂചിപ്പിക്കുന്നു. അതായത് എല്ലാ ദേവതകളുടേയും സാന്നിധ്യം നിറയുന്ന ഒന്നാണ് നിലവിളക്ക്. വിളക്ക് തെളിയിക്കുമ്പോൾ മനശുദ്ധിയും ശരീരശുദ്ധിയും നിർബന്ധമായും വേണം.
സൂര്യദേവനെ മുന്‍നിർത്തിയാണ് ദീപം തെളിയിക്കുന്നത്. രാവിലെയും വൈകീട്ടുമാണ് തിരി തെളിക്കേണ്ടത്. രാവിലെ സൂര്യോദയത്തിന് മുമ്പും സൂര്യസ്താമനത്തിന് മുമ്പുമാണ് തെളിയിക്കേണ്ടത്. രാവിലെ കിഴക്കോട്ട് രണ്ട് തിരി ചേർത്ത് കൂപ്പുകൈ പോലെ ഒരു തിരി കത്തിച്ചാലും മതി. സന്ധ്യക്കാണെങ്കിൽ കിഴക്കും പടിഞ്ഞാറോട്ടുമായി രണ്ട് തിരിയിട്ടുമാണ് ദീപം കൊളുത്തേണ്ടത്. വിശേഷകാര്യങ്ങൾക്ക് അഞ്ച് തിരിയിട്ട വിളക്ക് കൊളുത്തണം.
തുളസിയിലയിട്ട വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയാണ് വിളക്ക് വയ്ക്കേണ്ടത്. ഓട്, വെള്ളി, പിത്തള, സ്വർണ്ണം എന്നിവകൊണ്ടുള്ള നിലവിളക്കുകളാണ് ദിനവും കൊളുത്തേണ്ടത്. അലങ്കാരങ്ങളൊന്നുമില്ലാത്ത ഓട്ടുവിളക്കാണ് ഏറ്റവും നല്ലത്. എല്ലാ ദേവകളുടേയും സാന്നിധ്യമുള്ള നിലവിളക്ക് താങ്ങാൻ ഭൂമിദേവിക്ക് സാധിക്കുകയില്ല എന്നതിനാലാണ് നിലവിളക്ക് നിലത്ത് നേരെവയ്ക്കാത്തത്. വിളക്ക് പീഠത്തിലോ സ്റ്റാന്‍റിലോ ആണ് വയ്ക്കേണ്ടത്.
നിലവിളക്ക് നേരിട്ട് തീപ്പെട്ടി കൊണ്ട് കത്തിക്കരുത്. മറ്റൊരു കൊടിവിളക്കിൽ കത്തിച്ചതിന് ശേഷം ആ കൊടിവിളക്കുപയോഗിച്ചു വേണം ദീപം തെളിയിക്കാൻ. നിലവിളക്കിനു മുമ്പിലായി ഓട്ടുകിണ്ടിയിൽ ശുദ്ധജലം, പുഷ്പങ്ങൾ, ചന്ദനത്തിരി എന്നിവ വയ്ക്കുന്നതും ശ്രേഷ്ഠമാണ്. നിലവിളക്കിനുണ്ടാകുന്ന അശുദ്ധി കുടുംബത്തിന്‍റെ മുഴുവൻ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം. അതിനാൽ ദിനവും കഴുകി വൃത്തിയാക്കി വേണം വിളക്കു കൊളുത്തേണ്ടത്.
വിളക്കിലുപയോഗിക്കേണ്ടുന്ന എണ്ണയുടെ കാര്യത്തിലും ശ്രദ്ധിക്കണം. പാചകം ചെയ്ത എണ്ണയോ, വെള്ളം കലർന്ന എണ്ണയോ നിലവിളക്കിൽ ഉപയോഗിക്കരുത്. മൃഗക്കൊഴുപ്പിൽ നിന്നെടുത്തിരിക്കുന്ന എണ്ണയും ഉപയോഗിക്കരുത്. എള്ളെണ്ണയാണ് ഏറ്റവും ഉത്തമം.
രാവിലെ കിഴക്കോട്ട് തിരിഞ്ഞും വൈകീട്ട് പടിഞ്ഞാറ് ദിക്ക് നോക്കിയുമാണ് നിലവിളക്ക് കൊളുത്തേണ്ടത്. രണ്ട് സമയങ്ങളിലും നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കണം. പ്രഭാതത്തിൽ ഉദയസൂര്യനെ നമിക്കുന്നതിനായി കിഴക്കു ഭാഗത്തെ തിരിയാണ് ആദ്യം തെളിയിക്കേണ്ടത്. വൈകീട്ട് അസ്തമനസൂര്യനെ വണങ്ങാനായി പടിഞ്ഞാറ് ദിക്കിലേക്കുള്ള തിരിയാണ് ആദ്യം തെളിയിക്കേണ്ടത്.
കുടുംബനാഥയാണ് നിലവിളക്ക് തെളിയിക്കേണ്ടത്. കൊടിവിളക്കിൽ തിരി തെളിയിച്ച് ദീപം ദീപം ദീപം എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് നിലവിളക്കിനടുത്തെത്തി വണങ്ങിയ ശേഷം നിലവിളക്ക് കൊളുത്താം. ഈ സമയത്ത് കുടുംബാംഗങ്ങളെല്ലാം തന്നെ നിലവിളക്കിനെ തൊഴുത് നമസ്കരിക്കേണ്ടതാണ്.
നിലവിളക്കിലെ എണ്ണ വറ്റും വരെ കത്തിച്ചുവയ്ക്കാം. എങ്കിലും സന്ധ്യ കഴിഞ്ഞാൽ വിളക്ക് അണച്ചുവയ്ക്കാവുന്നതാണ്. ഊതി കെടുത്തരുത്, പകരം പുഷ്പം ഉപയോഗിച്ച് കെടുത്താവുന്നതാണ്.